750 കോടി രൂപ ചെലവിൽ രണ്ട് ടൗൺഷിപ്പുകൾ, ഭൂചലനത്തെ പ്രതിരോധിക്കുന്ന വീടുകൾ; വയനാട്ടിൽ ഉപജീവന ചുറ്റുപാട് അടക്കം പുനരധിവാസമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ തകർത്തെറിഞ്ഞവർക്ക് ഉപജീവന ചുറ്റുപാട് അടക്കം നൽകിക്കൊണ്ടുള്ള പുനരധിവാസമാണ് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസ പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 750 കോടി ചെലവ് പ്രതീക്ഷിക്കുന്ന രണ്ട് ടൗൺഷിപ്പുകൾ ദുരിത ബാധിതർക്കായി നിർമിക്കും. അങ്കണവാടികൾ, സ്കൂൾ, കളിസ്ഥലം, മാർക്കറ്റ്, പാർക്കിങ് സൗകര്യം, ആശുപത്രികൾ എന്നിവ ടൗൺഷിപ്പിലുണ്ടാകും. ഊരാളുങ്കലിനാണ് വീടുകൾ നിർമിക്കാനുള്ള ചുമതല. ഒറ്റഘട്ടമായാണ് പുനരധിവാസം നടപ്പാക്കുക. കിഫ്‌കോണിന് ആണ് നിര്‍മാണ മേല്‍നോട്ടം. ജനുവരി 25നകം ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ചുസെന്റിലും നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലും വീടുകൾ നിർമിക്കും. കല്‍പ്പറ്റയില്‍ ടൗണിനോടു ചേര്‍ന്നു കിടക്കുന്ന ടൗണ്‍ഷിപ്പില്‍ അഞ്ച് സെന്റില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീടുകളാണ് നിര്‍മിക്കുന്നത്.  ദുരന്തബാധിതർക്കായിരിക്കും ടൗൺഷിപ്പിന്റെ ഉടമസ്ഥാവകാശം.  ഭൂമിയുടെ വില നോക്കിയാണ് അഞ്ച്, പത്ത് സെന്റുകൾ തീരുമാനിച്ചത്. നെടുമ്പാലയിൽ 48.96 ഹെക്ടർ ഭൂമിയും എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5 ഹെക്ടർ ഭൂമിയും ഏറ്റെടുക്കും. ഭാവിയിൽ മുകൾ നിലയും കൂടി നിർമിക്കാവുന്ന തരത്തിൽ 1000 ചതുരശ്ര അടിയിൽ ഒറ്റ നില വീടുകളാണ് നിർമിക്കുക. പദ്ധതിക്കായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങും. വെബ്പോർട്ടലും നിലവിൽ വരും. വീട് നിർമാണവുമായി ബന്ധപ്പെട്ട് 38 സ്​പോൺസർമാർ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. നിർമാണ മേൽനോട്ടത്തിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയുണ്ടാകും. 

കിടപ്പാടം നഷ്ടപ്പെട്ട എല്ലാവരെയും ഒരേയിടത്തു പുനരധിവസിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ ഭൂമി കണ്ടെത്താന്‍ വയനാട്ടില്‍ പ്രയാസമുണ്ട്. വീടു വെച്ചു നല്‍കുക എന്നതു മാത്രമല്ല പുനരധിവാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ചു ജീവിതം മുന്നോട്ടു കൊണ്ട് പോകാനുള്ള ഉപജീവനമാര്‍ഗങ്ങള്‍ ഉള്‍പ്പെടെയാണ് പുനരധിവാസം യഥാര്‍ഥ്യമാക്കുക. അതിന് സഹായവുമായി മുന്നോട്ടുവരുന്ന എല്ലാവരെയും ചേര്‍ത്തു പിടിക്കും. എല്ലാ സഹായങ്ങളും ഏകോപിപ്പിച്ചായിരിക്കും പുനരധിവാസ പദ്ധതി പൂര്‍ത്തിയാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 2005 ലെ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് നിയമം വഴിയാണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തോട്ടം ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലനില്‍ക്കുന്ന വ്യവഹാരങ്ങളില്‍ സര്‍ക്കാറിനുള്ള നിലപാട് തുടര്‍ന്നുകൊണ്ടു തന്നെയാണ് ഇവിടെ പുനരധിവാസം സാധ്യമാക്കുക.കണ്ടെത്തിയ ഭൂമിയില്‍ പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്‍റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഇപ്പോള്‍ ഫീല്‍ഡ് സര്‍വേ നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കണിശതയുള്ള കണക്കുകള്‍ ലഭ്യമാകും.

എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്പറ്റ മുനിസിപ്പാലിറ്റിയിലും നെടുമ്പാല എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് മേപ്പാടി പഞ്ചായത്തിലുമാണ് വരുന്നത്. അതിനനുസൃതമായി ഭൂമിയുടെ വിലയില്‍ വരുന്ന വ്യത്യാസം കണക്കിലെടുത്ത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിനു 5 സെന്‍റും നെടുമ്പാലയില്‍ 10 സെന്‍റും ആയിരിക്കും നല്‍കുക. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമേ വിനോദത്തിനുള്ള സൗകര്യങ്ങള്‍, മാര്‍ക്കറ്റ്, ആരോഗ്യ കേന്ദ്രം, വിദ്യാലയം, അംഗന്‍വാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ള, ശുചിത്വ സംവിധാനങ്ങള്‍ എന്നിവയെല്ലാം സജ്ജമാക്കും.

ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമ ലിസ്റ്റ് 2025 ജനുവരി 25 നകം പുറത്തിറക്കാന്‍ കഴിയുംവിധമാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നത്. ദുരന്തത്തിനിരയായവര്‍ക്ക് ഉപജീവനമാര്‍ഗ്ഗമൊരുക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ സര്‍വ്വേ നടത്തുകയുണ്ടായി. മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ പെടുന്ന 4658 പേര്‍ അടങ്ങുന്ന 1084 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തി മൈക്രോ പ്ലാന്‍ തയാറാക്കിയത്. ഇതില്‍ 79 പേര്‍ മൃഗസംരക്ഷണ മേഖലയാണ് തെരഞ്ഞെടുത്തത്. 192 പേര്‍ കാര്‍ഷിക മേഖലയും 1034 പേര്‍ സൂക്ഷ്മ സംരംഭങ്ങളും 585 പേര്‍ മറ്റ് വരുമാനമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്.

പ്രത്യേക പരിഗണന നല്‍കേണ്ടതായിട്ടുള്ള സ്ത്രീകള്‍ മാത്രമുള്ള 84 കുടുംബങ്ങളേയും വിധവകള്‍ മാത്രമുള്ള 38 കുടുംബങ്ങളേയും കുട്ടികള്‍ മാത്രമുള്ള 3 കുടുംബങ്ങളേയും വയോജനങ്ങള്‍ മാത്രമുള്ള 4 കുടുംബങ്ങളേയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളേയും മൈക്രോ പ്ലാന്‍ സര്‍വ്വേ വഴി കണ്ടെത്തി.

ടൗണ്‍ ഷിപ്പിലേക്ക് പുനരധിവസിക്കപ്പെട്ടശേഷവും ദുരന്തബാധിത മേഖലയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം അവരവര്‍ക്ക് തന്നെയായിരിക്കും. ഉരുള്‍ പൊട്ടിയ ആ ഭൂമി വന പ്രദേശമായി മാറാതിരിക്കാന്‍ കലക്റ്റീവ് ഫാമിങ് പോലുള്ള ഉല്‍പ്പാദനപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സാധ്യതകള്‍ പിന്നീട് പരിഗണിക്കും. ആ ഭൂമി അതിന്‍റെ ഉടമകളില്‍ നിന്ന് അന്യം നിന്നുപോകില്ല.

ദുരന്തബാധിതരെ മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിച്ച് പുനരധിവസിപ്പിക്കുന്നതാണെന്നും പ്രൊജക്റ്റ് മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സിയായി (പി.എം.സി) കിഫ്ബിയെ ചുമതലപ്പെടുത്തുന്നതാണെന്നും നേരത്തെ റൂള്‍ 300 പ്രകാരം നിയമസഭയില്‍ പ്രസ്താവന നടത്തിയപ്പോള്‍ അറിയിച്ചിരുന്നതാണ്. അതിന്‍റെ ഭാഗമായി ഒട്ടേറെ തയാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

ഇക്കാര്യത്തില്‍ കിഫ്ബി വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇതില്‍ നിയമ, ധനകാര്യ വകുപ്പുകളുടെ അഭിപ്രായം തേടിയശേഷം മന്ത്രിസഭ വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ടൗണ്‍ഷിപ് പദ്ധതിയുടെ ഭരണവകുപ്പായി ദുരന്ത നിവാരണ വകുപ്പിനെ ചുമതലപെടുത്തി. ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, എഞ്ചിനീയറിംഗ് പ്രൊക്വര്‍മെന്‍റ് ആന്‍റ് കണ്‍സ്ട്രക്ഷന്‍ (ഇ.പി.സി) പ്രകാരം അംഗീകരിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. തൊഴിലുടമയുടെ പ്രതിനിധിയായി കിഫ്ബിയുടെ അനുബന്ധ സ്ഥാപനമായ കിഫ്കോണിനെ (കിഫ്കോണ്‍) നെ ചുമതലപ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ധന നിയമ വകുപ്പുകളുടെ അഭിപ്രായ പ്രകാരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാറുകാരായി നാമ നിര്‍ദ്ദേശം ചെയ്യാന്‍ തീരുമാനിച്ചു. ഭരണാനുമതി നല്‍കുന്നതിന് മുന്‍പ് ഡി.എസ്.ആര്‍ 2018 പ്രകാരമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കും. സാങ്കേതികാനുമതി നല്‍കുന്നതിന് മുന്‍പ് വിശദമായ എസ്റ്റിമേറ്റ് ഡി.എസ്.ആര്‍ 2018 പ്രകാരം തയ്യാറാക്കി ധന വകുപ്പിന്‍റെ അറിവോടെ നല്‍കും. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തത്വത്തിലുള്ള അംഗീകാരം നല്‍കിയത്. ത്രിതല സംവിധാനമാണ് പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ ഉണ്ടാവുക. മുഖ്യമന്ത്രി അധ്യക്ഷനായ വയനാട് പുനര്‍നിര്‍മ്മാണ സമിതിക്കായിരിക്കും പദ്ധതിയുടെ നേതൃത്വം.

പദ്ധതി നടത്തിപ്പിലെ സുതാര്യതയും ഗുണമേډയും ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ഉറപ്പുവരുത്തും. സര്‍ക്കാര്‍, പി.എം.സി പ്രതിനിധികളും മൂന്നാം കക്ഷി എന്ന നിലയില്‍ ഒരു സ്വതന്ത്ര എൻജിനീയര്‍, സ്വതന്ത്ര ഓഡിറ്റര്‍ എന്നിവരും അടങ്ങിയ ഗുണനിലവാരം ഉറപ്പാക്കല്‍ സംവിധാനമായിരിക്കും ഈ സമിതി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കരാര്‍ രേഖകളും പരിശോധിച്ച് ശുപാര്‍ശ ചെയ്ത് അംഗീകാരത്തിനായി ചീഫ് സെക്രട്ടറിക്കും ഭരണ വകുപ്പിനും നല്‍കുന്നതിന് ധനകാര്യ വകുപ്പിനെ ചുമതലപ്പെടുത്തി.

ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മാണമാകും നടത്തുകയെന്ന് ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു. ദേശീയപാതയ്ക്കു സമീപത്തായതിനാല്‍ വാണിജ്യനിര്‍മാണങ്ങളും ഉണ്ടാകും. നെടുമ്പാലയില്‍ കുന്നിന്‍പ്രദേശത്തിന് അനുകൂലമായ രീതിയിലുള്ള നിര്‍മാണമാകും നടത്തുക. ഇവിടെ പത്തു സെന്റില്‍ 1000 ചതുരശ്രഅടി വീടുകള്‍ ആണ് നിര്‍മിക്കുക. രണ്ടുനില കെട്ടുന്നതിനുള്ള അടിത്തറയാവും നിര്‍മിക്കുക.

കല്‍പ്പറ്റയില്‍ ക്ലസ്റ്റര്‍ മാതൃകയിലാണു വീടുകള്‍ നിര്‍മിക്കുന്നത്. ഇതിനിടയില്‍ കളി സ്ഥലവും പാര്‍ക്കിങ് ഏരിയയും സജ്ജീകരിക്കും. വീടുകള്‍ നിര്‍മിക്കാനും മറ്റു നിര്‍മാണ സാമഗ്രികള്‍ നല്‍കാനും വീട്ടുപകരണങ്ങള്‍ നല്‍കാനും സ്‌പോണ്‍സര്‍മാര്‍ എത്തിയിട്ടുണ്ട്.കല്‍പ്പറ്റയില്‍ കൂടുതല്‍ വീടുകളും നെടുമ്പാലയില്‍ ഭൂമിയുടെ കിടപ്പനുസരിച്ചു കുറച്ചുവീടുകളുമാണ് നിര്‍മിക്കുന്നത്. രണ്ടിടത്തും നിലവില്‍ താമസിക്കുന്നവര്‍ക്കും ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ടൗ​ൺ​ഷി​പ്പി​ന്​ പു​റ​ത്ത്​ 15 ല​ക്ഷം

ടൗ​ണ്‍ഷി​പ്പി​ന് പു​റ​ത്ത് താ​മ​സി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ക്ക് പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ ന​ല്‍കും. 2019 ആ​ഗ​സ്റ്റ്​ 23ലെ ​ഉ​ത്ത​ര​വ് പ്ര​കാ​രം സ്ഥി​ര​മാ​യ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള നി​ല​വി​ലെ നി​ര​ക്ക് ഒ​രു കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ​യാ​ണ്. വി​ല​ങ്ങാ​ട്ട്​​ ദു​ര​ന്ത​ബാ​ധി​ത​ര്‍ക്കും 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കും. ഈ ​ര​ണ്ട് ഉ​രു​ള്‍പൊ​ട്ട​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ത്ര​മാ​ണ് ഈ ​തീ​രു​മാ​നം.  

Tags:    
News Summary - Chief Minister said rehabilitation including livelihood environment in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.