വർക്കല: ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ കേരളത്തിലെത്തുന്ന ലോകത്തില്‍ എവിടെയും ഉളള സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനു വേണ്ടി ഒരു പ്രത്യേക മൈക്രോസൈറ്റ് രൂപീകരിക്കുവാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചുവെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. ശിവഗിരി തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിദ്യാർഥി- യുവജന സമ്മേളനത്തില്‍ സംസാരിക്കുകയായരുന്നു മന്ത്രി.
ടൂറിസം വകുപ്പ് ശ്രീനാരായണഗുരു മൈക്രോസൈറ്റ് തയാറാക്കുന്ന വിവരം ശിവഗിരിയില്‍ വെച്ചു തന്നെ അറിയിക്കുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളില്‍ ഉള്ള മൈക്രോസൈറ്റ് ആണ് ടൂറിസം വകുപ്പ് സജ്ജമാക്കുക. ഗുരുവിനെ കുറിച്ച് അറിയാനും ഗുരുവിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും കഴിയുന്ന ഒന്നായി ശ്രീനാരായണ ഗുരു മൈക്രോസൈറ്റിനെ വികസിപ്പിക്കും.
ഗുരു പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയവയെ കുറിച്ച് എല്ലാം ഇതിലൂടെ ലോകത്തിന് കൂടുതല്‍ മനസിലാക്കാനാകും. ശിവഗിരി മഠത്തെ കുറിച്ചും തീര്‍ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സൈറ്റില്‍ ഉള്‍പ്പെടുത്തും. ഒപ്പം ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനും മൈക്രോസൈറ്റ് വഴി സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രീനാരായണ ഗുരു എന്തിനെതിരെയാണോ പോരാടിയത്, അത് ഇപ്പോഴും സമൂഹത്തില്‍ തുടരണം എന്ന് ആഗ്രഹിക്കുന്നവര്‍ ഗുരുവിനെ തെറ്റായി വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്ന കാലം ആണ് ഇത്. അതുകൊണ്ടു തന്നെ ഗുരുവചനങ്ങളും ഗുരുവിന്റെ സന്ദേശങ്ങളും വീണ്ടും വീണ്ടും പറയുന്നത് കൂടുതല്‍ പ്രസക്തമാകുന്നു. 1916 ല്‍ തിരുവനന്തപുരം മുട്ടത്തറയില്‍ നടന്ന പുലയ സമാജത്തിന്റെ സമ്മേളനത്തില്‍ ഗുരു തന്റെ ആശയം കൃത്യമായി പറഞ്ഞിട്ടുണ്ട്.
‘മനുഷ്യര്‍ ഒക്കെ ഒരു ജാതിയാണ്. അവരുടെ ഇടയില്‍ സ്ഥിതിഭേദമില്ലാതെ ജാതിഭേദം ഇല്ല ‘. മനുഷ്യ ജാതി എന്നതേ നിലനില്‍ക്കുന്നുള്ളൂ എന്ന് അവസരം കിട്ടിയപ്പോള്‍ എല്ലാം ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചു. “പലമതസാരവുമേകം” എന്ന ഗുരുവിന്റെ വാക്കുകള്‍ തന്നെ എന്താണ് ഗുരു മുന്നോട്ടു വെച്ച സന്ദേശം എന്ന് വ്യക്തമാക്കുന്നതാണ്.
എല്ലാത്തിനേയും പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ മനസ്ഥിതി ആര്‍ജ്ജിക്കാനാണ് ഗുരു നിരന്തരം ഉപദേശിച്ചത്. ഇതിന് വിദ്യാഭ്യാസത്തെ വളരെ പ്രധാനപ്പെട്ട ആയുധമായി ഗുരു കരുതുന്നുണ്ട്. നവോത്ഥാനത്തിന്റെ ആദ്യഘട്ടത്തില്‍ പ്രതിഷ്ഠ നടത്തി ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഗുരു മുന്നിട്ടിറങ്ങി. ക്ഷേത്രങ്ങളില്‍ പോകാന്‍ പോലും കീഴ്ജാതിക്കാര്‍ക്ക് അവകാശമില്ലാത്ത കാലത്താണ് ഗുരു ഈ വിപ്ലവത്തിന് നേതൃത്വം നല്‍കിയത്.
പുതുതലമുറയെ കൂടി ചേര്‍ത്തു പിടിക്കുന്നതിന് ശിവഗിരി മഠം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പിന്തുണയും അറിയിക്കുന്നു . ടൂറിസം വകുപ്പ് തയ്യാറാക്കുന്ന ശ്രീനാരായണ ഗുരു മൈക്രോസൈറ്റ് ആ മേഖലയിലുള്ള പ്രധാനപ്പെട്ട ചുവടുവെപ്പായി മാറും എന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.