ഹജ്ജ് യാത്രാനിരക്ക് കുറക്കണം- വി. അബ്ദുറഹിമാന്‍

തിരുവനന്തപുരം: അമിത നിരക്ക് ഒഴിവാക്കി, കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുള്ള വിമാന യാത്രാനിരക്ക് ഏകീകരിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജുവിനും, കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡുവിനും മന്ത്രി വി. അബ്ദുറഹിമാന്‍ കത്ത് അയച്ചു. മൂന്ന് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും സര്‍വീസിനായി വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്.

ടെണ്ടര്‍ ഉറപ്പിക്കുന്നതിന് മുന്‍പ് യാത്രാനിരക്ക് സംബന്ധിച്ച് ഇടപെടല്‍ നടത്താനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്വാട്ട് ചെയ്ത നിരക്ക് 1,25,000(ഒരു ലക്ഷത്തി ഇരുപത്തയ്യായിരം) രൂപയും കണ്ണൂരില്‍ 87,000 രൂപയും കൊച്ചിയില്‍ സൗദി എയര്‍ലൈന്‍സ് ക്വാട്ട് ചെയ്ത നിരക്ക് 86,000 രൂപയുമാണ്.

കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തുകയേക്കാള്‍ നാല്‍പ്പതിനായിരം രൂപയോളം കൂടുതലാണ് കോഴിക്കോട്ട് നിന്നുള്ളത്. ഈ എമ്പാര്‍ക്കേഷന്‍ പോയിന്റ് തെരഞ്ഞെടുത്ത ഹാജിമാര്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നതാണിത്. 2025ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ നിന്ന് 15231 പേരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

5755 പേര്‍ കോഴിക്കോട് നിന്നും 4026 പേര്‍ കണ്ണൂരില്‍ നിന്നും 5422 പേര്‍ കൊച്ചിയില്‍ നിന്നും യാത്ര തിരിക്കും. ഈ തീർഥാടകരില്‍ യാത്രാനിരക്കിന്റെ പേരില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം ഒഴിവാക്കണം. അതിനായി കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Hajj fare should be reduced- V. Abdurrahiman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.