കാസർകോട്: റോയിട്ടേഴ്സ് സബ് എഡിറ്ററും കാസർകോട് സ്വദേശിയുമായ ശ്രുതിയുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇ. ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
റോയിട്ടേഴ്സ് വാർത്ത ഏജൻസിയിൽ സബ് എഡിറ്ററായി ജോലി ചെയ്തുവന്നിരുന്ന ശ്രുതിയെ കഴിഞ്ഞ 22നാണ് ബംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് ബംഗളൂരു പൊലീസ്. ഭർതൃപീഡനത്തെക്കുറിച്ച് എഴുതിയ ആത്മഹത്യ കുറിപ്പ് ശ്രുതിയുടെ മുറിയിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് തളിപ്പറമ്പ് ചുഴലി സ്വദേശിയായ അനീഷിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഇടപെടണം.
വിഷയത്തിന്റെ പ്രധാന്യം കർണാടക സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തി കേസന്വേഷണം ഊർജിതമാക്കാൻ നടപടികളെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. എഴുത്തുകാരനും അധ്യാപക നേതാവുമായ നാരായണൻ പേരിയയുടെ മകളാണ് ശ്രുതി. ഒമ്പത് വർഷമായി റോയിട്ടേഴ്സിൽ ബംഗളൂരുവിൽ പ്രവർത്തിച്ചുവരുകയായിരുന്നു. നാലുവർഷം മുമ്പ് വിവാഹിതയായ ശ്രുതി ഭർത്താവിനൊപ്പം ബംഗളൂരുവിലെ ഫ്ലാറ്റിൽ താമസിച്ചുവരവേയാണ് മരിച്ചത്.
ഭർത്താവ് അനീഷ് ശ്രുതിയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് വെളിപ്പെട്ടുവരുന്നത്. മരിക്കുന്നതിനുമുമ്പ് ശ്രുതി എഴുതിയതെന്ന് കരുതുന്ന എഴുത്തുകളിൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. കൂടാതെ ശ്രുതിയുടെ സഹോദരൻ നിശാന്തിന്റെ കുടുംബത്തിനും ഇതുസംബന്ധിച്ച സൂചനകളുണ്ട്.
പീഡനം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇടപെട്ട് ഒരുഘട്ടത്തിൽ വിവാഹമോചനത്തിന്റെ വക്കിൽവരെ എത്തിയിരുന്നുവെങ്കിലും ഭർത്താവും അവരുടെ കുടുംബക്കാരും അനുരഞ്ജനത്തിനു തയാറായതിന്റെ ഭാഗമായാണ് വീണ്ടും ഒരുമിച്ചത്. കുറ്റവാളിയെ നിയമത്തിനു മുന്നിൽകൊണ്ടുവരാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.