കോട്ടയം: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിനി ശ്രദ്ധ സതീഷിന്റെ മരണം സംബന്ധിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർദേശം നൽകി. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്.
രണ്ടാംവർഷ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെയാണ് (20) വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഭക്ഷണം കഴിക്കാനും വെള്ളമെടുക്കാനും പോയ സമയത്തായിരുന്നു സംഭവം. സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ മുറി ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിദ്യാർഥികള്‍ ചേര്‍ന്ന് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോളജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തതായി കുടുംബം ആരോപിച്ചിരുന്നു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികൾ കോളജ് കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.