ആദിവാസി യുവാവിന്‍റെ മരണം: സമഗ്ര അന്വേഷണം നടത്തണമെന്ന് എം. ഗീതാനന്ദൻ

കോഴിക്കോട് : മെഡിക്കൽ കോളജിന് പരിസരത്തം ആദിവാസി യുവാവ് വിശ്വനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഗോത്ര മഹാസഭ നേതാവ് എം.ഗീതാനന്ദൻ. ബന്ധുക്കൾ കൊലപാതകമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. ലോക്കൽ പോലീസ് അന്വേഷിച്ചാൽ സത്യം പുറത്തു വരികയില്ലെന്ന് ഗീതാനന്ദൻ മാധ്യമം ഓൺലൈനോട് പറഞ്ഞു.

മെഡിക്കൽ കോളജ് അധികൃതരും സെക്യൂരിറ്റി വിഭാഗവും ലോക്കൽ പോലീസും തമ്മിൽ ബന്ധമുണ്ട്. ശാസ്ത്രീയമായ അന്വേഷണമാണ് ഇക്കാര്യത്തിൽ നടത്തേണ്ടത്. അതിന് കേസ് അന്വേഷണം ലോക്കൽ പോലീസിൽ നിന്നും മാറ്റണം. മറ്റേതെങ്കിലും ഏജൻസിയെ അന്വേഷണത്തിന് ഏൽപ്പിക്കണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി വാർത്തയുണ്ട്.

എന്നാൽ, ഇത്തരത്തിൽ പല സംഭവങ്ങളിലും പിന്നീടുള്ള അന്വേഷണത്തിൽ കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്. നിലവിവിലെ തെളിവുകൾ പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കാം. ബന്ധുക്കൾ നൽകുന്ന വിവരം അനുസരിച്ച് വിശ്വനാഥനെ വെള്ളിയാഴ്ച ബന്ധുക്കൾ തിരച്ചിൽ നടത്തിയ സ്ഥലത്തെ മരത്തിന് മുകളിലാണ് ശനിയാഴ്ച മൃതദേഹം കണ്ടെത്തിയത്. വിശ്വനാഥന് മരത്തിൽ കയറാൻ പരിചയമില്ലെന്നാണ് ബന്ധുക്കൾ പറയുന്നത് പരിശോധിക്കണം. അത് സത്യമെങ്കിൽ വിശ്വനാഥൻ മരത്തിൽ കയറി ആത്മഹത്യ ചെയ്തു എന്ന വാദം നിലനിൽക്കില്ല.

ആൾക്കൂട്ട മർദനം ഭയന്ന് വിശ്വനാഥൻ ഓടിപ്പോകുമ്പോൾ പലരും പിന്തുടർന്നതായി വിവരമുണ്ട്. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തെ ഓർമ്മിപ്പിക്കും വിധമാണ് സംഭവം നടന്നത്. ഇത് വംശീയമായ വേട്ട തന്നെയാണ്. ആദിവാസികൾക്കെതിരെ കേരളത്തിൽ പലയിടത്തും വംശീയമായ വേട്ട നടക്കുന്നുണ്ട്. നിരവധി സംഭവങ്ങൾ അടുത്തകാലത്ത് ഉണ്ടായി.

മുഷിഞ്ഞ വസ്ത്രം ധരിച്ച് കറുത്ത ഒരാളെ കണ്ടാൽ ക്രിമിനലായി സമൂഹം മുദ്രകുത്തുന്നു. ഈ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് രാഷ്ട്രീയമായി ഇടതുപക്ഷം മനസിലാക്കണം. വയനാട്ടിലെ സർക്കാർ ആശുപത്രികളിൽ മികച്ച ചികിത്സാ സൗകര്യം നൽകാത്തതാണ് ആദിവാസികൾ കോഴിക്കോട്ടേക്ക് സഞ്ചരിക്കേണ്ടി വരുന്നത്. സർക്കാർ അടിയന്തരമായി അതിന് പരിഹാരം കാണണം.

ചികിത്സക്ക് എത്തുന്ന ആദിവാസികളോട് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ മനുഷ്യത്വരഹിതമായി പെരുമാറുന്നുണ്ട്. മൃതദേഹം ഏറ്റുവാങ്ങാനെത്തിയവരും അതിക്ഷേപം നേരിടേണ്ടിവന്നു. വംശീയമായിട്ടാണ് അവിടെ പല ഉദ്യോഗസ്ഥരും പെരുമാറുന്നത്. ആദിവാസി പ്രമോട്ടർമാർ ഉണ്ടായിട്ടുപോലും അത് പരിഹരിക്കാൻ കഴിയുന്നില്ല. ആദിവാസികളോട് വംശീയമായ അതിക്രമമാണ് മെഡിക്കൽ കോളജിൽ നടന്നത്. സർക്കാർ ഇക്കാര്യത്തിൽ ഗൗരവമായി അന്വേഷണം നടത്തണമെന്ന് ഗീതാനന്ദൻ ആവശ്യപ്പെട്ടു. 

Tags:    
News Summary - Death of tribal youth: A thorough investigation should be conducted by M. Geethanandan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.