വെള്ളമുണ്ട: ആർക്കും ഒരുപദ്രവവും ചെയ്യാത്ത പൊന്നുമകനെയും പത്നിയെയും നിർദാക്ഷിണ്യം അടിച്ചുകൊന്ന പ്രതിക്ക് തൂക്കുകയർ വിധിച്ചതിൽ ആശ്വാസംകൊള്ളുകയാണ് ഉമ്മ ആയിശ. മകനെയും ഭാര്യയെയും കൊന്നവനെ തൂക്കിക്കൊല്ലണമെന്ന പ്രാർഥനയിലാണ് ആയിശ ഇപ്പോഴും.
കണ്ടത്തുവയൽ പന്ത്രണ്ടാംമൈൽ പൂരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിലെ പ്രതി കോഴിക്കോട് തൊട്ടിൽപാലം കാവിലുംപാറ പഞ്ചായത്തിലെ മരുതോറ കലങ്ങോട്ടുമ്മൽ വിശ്വനാഥന് (45) ജില്ല സെഷൻസ് കോടതി വധശിക്ഷ വിധിച്ചതോടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കൊപ്പം നാടുമുഴുവൻ ആശ്വാസംകൊള്ളുകയാണ്. ദാരുണമായ കൊലയിൽ നടുങ്ങിയ കുടുംബങ്ങളും സന്തോഷത്തിലാണ്.
'എന്റെ മകൻ ഒരാളോടും ദേഷ്യമോ വിരോധമോ കൊണ്ടുനടക്കാത്തവനായിരുന്നു. അവന് ആരോടും ശത്രുതയുമില്ലായിരുന്നു. അവനെ കൊന്നയാളെ തൂക്കിക്കൊന്നാലേ നാടിന് സമാധാനം ഉണ്ടാവൂ' -കൊലക്കു പിന്നാലെ പ്രതി പിടിയിലായപ്പോൾ ഉമ്മ ആയിശയുടെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. 2018 ജൂലൈ ആറിനാണ് നാടിനെ നടുക്കിയ കൊല നടന്നത്. കൊല നടന്ന് രണ്ടു മാസത്തിനുശേഷം പ്രതി വിശ്വനാഥനെ ഉമ്മറിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തുന്നതിനിടെ ഉമ്മറിന്റെ ഉമ്മയുടെ ഏക ആവശ്യം പ്രതിയെ തൂക്കിക്കൊല്ലണം എന്നായിരുന്നു.
പ്രതിക്ക് വധശിക്ഷ വിധിച്ച കോടതിവിധിയിൽ കുടുംബം സന്തോഷത്തിലാണ്. കോടതിവിധിയിൽ സന്തോഷമുണ്ടെന്നും പ്രതീക്ഷിച്ചിരുന്ന വിധിയാണിതെന്നും കൊല്ലപ്പെട്ട ഉമ്മറിന്റെ ജ്യേഷ്ഠൻ അബ്ദുല്ല 'മാധ്യമ'ത്തോട് പറഞ്ഞു. കേസിലെ സാക്ഷികൾക്കും അഹോരാത്രം പ്രയത്നിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും കോടതിക്കും നന്ദി പറയുന്നുവെന്നും അബ്ദുല്ല പ്രതികരിച്ചു.
'ഇനി ഒരാൾക്കും ഇതുപോലൊരു അവസ്ഥ ഉണ്ടാവാതിരിക്കാൻ വിധി പാഠമാകട്ടെ' എന്ന് ഉമ്മറിന്റെ മറ്റൊരു സഹോദരൻ മുനീറും പറഞ്ഞു. 'നഷ്ടപ്പെട്ട ജീവൻ തിരിച്ചുകിട്ടില്ല. എന്നാലും ഇനി സമാധാനത്തോടെ ഉറങ്ങാം' എന്നായിരുന്നു സഹോദരിയുടെ ആശ്വാസം. കീഴ്കോടതി വിധിയിൽ സന്തോഷിക്കുന്നുവെന്നും മേൽകോടതിയിൽ പ്രതി രക്ഷപ്പെടാതിരിക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ചെയർമാനും മഹല്ല് പ്രസിഡന്റുമായ മമ്മൂട്ടി പറഞ്ഞു.
ഉമ്മറിന്റെ കൊലപാതകം ഇപ്പോഴും നാടിന് ഉൾക്കൊള്ളാനാവുന്നില്ല. കല്യാണം കഴിഞ്ഞ് മൂന്നുമാസം മാത്രം പിന്നിടുമ്പോഴായിരുന്നു നവദമ്പതികളുടെ അറുകൊല. സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെ തുടക്കത്തിലാണ് മോഷ്ടാവിന്റെ രൂപത്തിൽ മരണമെത്തിയത്. തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തകനായിരുന്ന ഉമ്മർ നാട്ടിലെ മുഴുവൻ ആളുകളോടും ചിരിച്ചുകൊണ്ടു മാത്രമേ ഇടപെടാറുണ്ടായിരുന്നുള്ളൂ.
നാട്ടുകാരിൽ ഒരാൾക്കുപോലും ഒരു അഭിപ്രായ വ്യത്യാസവും ഇല്ലാത്ത ഉമ്മറിന്റെ കൊലയിൽ നാടൊന്നടങ്കം പ്രാർഥനയിലായിരുന്നു. കൊല നടന്ന് ദിവസങ്ങളും മാസങ്ങളും പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാവാതിരുന്നതോടെ ഭീതിയിലായിരുന്നു ഗ്രാമം. ഒടുവിൽ പ്രതിയെ പൊലീസ് പിടികൂടിയ കാലം മുതൽ നാട് ആകാംക്ഷയിലായി. 2018 സെപ്റ്റംബറിൽ ഉച്ചകഴിഞ്ഞ് പ്രതിയുമായി പൊലീസ് എത്തിയപ്പോൾ സ്ത്രീകളടക്കം വൻ ജനക്കൂട്ടം പ്രതിയെ കാണാനെത്തിയിരുന്നു. ശേഷം വിചാരണക്കാലത്ത് വാദം എന്താവും, ശിക്ഷ എന്താവും? തുടങ്ങി നിരവധി ചോദ്യങ്ങളോടെയാണ് നാട് ഉറങ്ങിയിരുന്നത്.
വളരെ ആസൂത്രിതമായാണ് ഇരട്ട കൊലപാതകങ്ങൾ നടത്തിയത് എന്നാണ് സാഹചര്യത്തെളിവുകൾ വ്യക്തമാക്കിയത്. കിടപ്പുമുറിയില്‍ കട്ടിലിനു മുകളിലാണ് രണ്ടു മൃതദേഹവും കാണപ്പെട്ടത്. പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ പ്രതി കൃത്യം നടത്തി തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച് മുങ്ങുകയായിരുന്നു. മോഷണം ചെറുക്കാൻ ശ്രമിച്ച ദമ്പതികളെ വധിച്ച വിശ്വനാഥൻ ആഭരണങ്ങൾ മോഷ്ടിച്ചശേഷം വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയാണ് കടന്നുകളഞ്ഞത്. കൊലപാതകത്തിനുശേഷം പൊലീസ് നായ് മണം പിടിക്കാതിരിക്കാനാണ് വാതിലിനു സമീപവും പരിസരത്തും മുളകുപൊടി വിതറിയത്.
ഒരു ഘട്ടത്തിൽ ക്വട്ടേഷൻ സംഘത്തിലേക്ക് സംശയം നീളാനും ഇടയാക്കി. പ്രതി വിശ്വനാഥൻ ഉൾപ്പെടെ 700ലധികം പേർ പൊലീസ് നിരീക്ഷണത്തിലായിരുന്നു. വളരെ ആസൂത്രിതമായി നടത്തിയ കൊലയായതിനാൽ, കേസ് പൊലീസിനു മുന്നില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ ഏറെയായിരുന്നു.
പ്രദേശത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് സംഭവം നടന്ന ദിവസത്തെയും സമയത്തെയും കാളുകളും റോഡിനോടു ചേര്‍ന്ന സി.സി.ടി.വി കാമറ ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികളുടെ വിരലടയാളവും പരിശോധിച്ചു. നൂറുകണക്കിന് ആളുകളെ ചോദ്യംചെയ്തു. ഒടുക്കം പൊലീസ് പ്രതിയിലേക്ക് എത്തുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള 30 അംഗ പ്രത്യേക അന്വേഷണ സംഘം നാലു ടീമുകളായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചത്. രണ്ടു സി.ഐമാരും നാല് എസ്.ഐമാരുമുള്‍പ്പെട്ട സംഘം ആറു ഗ്രൂപ്പായിട്ടാണ് അന്വേഷണം നടത്തിയത്.
അന്വേഷണത്തില്‍ നിർണായകമായത് കൊല്ലപ്പെട്ട ഫാത്തിമയുടെ ഫോണ്‍ ആയിരുന്നു.
കൊലപാതകത്തിനുശേഷം സ്വർണാഭരണങ്ങൾക്കൊപ്പം വിശ്വനാഥൻ ആ ഫോണും കവർന്നു. ഫോണ്‍ കാണാതായ വിവരം ഏറെനാള്‍ കഴിഞ്ഞാണ് പൊലീസിന്റെ ശ്രദ്ധയിലെത്തിയത്. സൈബര്‍ വിഭാഗം നിരന്തരം കിണഞ്ഞുശ്രമിച്ചിട്ടും ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായിരുന്നില്ല.
തന്നിലേക്ക് സൂചനകളൊന്നും പൊലീസിന് ലഭിച്ചില്ലെന്ന ബോധ്യത്തിൽ രണ്ടു മാസത്തിനുശേഷം വിശ്വനാഥന് ഫാത്തിമയുടെ ഫോണ്‍ സ്വിച്ച് ഓണാക്കി. ആ ഫോണിനെ പൊലീസ് പിന്തുടരുന്നതിനിടെയായിരുന്നു അത്. അതോടെ പ്രതിയിലേക്ക് പൊലീസിന് വഴിതുറന്നുകിട്ടുകയായിരുന്നു. 2018 സെപ്റ്റംബര്‍ 18ന് വിശ്വനാഥൻ അറസ്റ്റിലായി. ഇതിനിടയിൽ കൊല നടത്തിയശേഷം കവർന്ന സ്വര്‍ണം പ്രതി കുറ്റ്യാടിയിലെ സ്വർണക്കടയില്‍ വിൽപന നടത്തിയിരുന്നു.
ആസൂത്രിതമായി നടത്തിയ കൊലപാതകമായതിനാൽ രണ്ടു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് വിശ്വനാഥൻ തൊട്ടിൽപാലത്ത് പിടിയിലാവുന്നത്. 2020 നവംബറിൽ തുടങ്ങിയ വിചാരണയിൽ 45 സാക്ഷികളെ വിസ്തരിച്ചു.
വിശ്വനാഥനാണു കൊലപാതകത്തിനു പിന്നിലെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തെ കോടതി പ്രശംസിച്ചു. പ്രതിയുടെ കുടുംബത്തിന് ലീഗല്‍ സര്‍വിസില്‍നിന്ന് സഹായം ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.