കിഴക്കമ്പലം: മർദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച ദീപുവിനൊപ്പം പൊലിഞ്ഞത് കുടുംബത്തിന്റെ ഏക പ്രതീക്ഷ. രോഗികളായ മാതാപിതാക്കളുടെ ആശ്രയമായിരുന്ന ദീപു പെയിന്റിങ് പണിക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. പിതാവ് കുഞ്ഞാറു ഹൃദ്രോഗത്തെതുടര്‍ന്ന് ഒരുവര്‍ഷമായി തൊഴിൽരഹിതനാണ്.
രോഗിയായ മാതാവും മറ്റുള്ളവരുടെ സഹായത്തോടെയാണ് നടക്കുന്നത്. ദീപു മാത്രമാണ് കുടുംബത്തിന്റെ ആശ്രയം. അച്ഛന് ഹൃദ്രോഗിയായതിനാലാണ് മർദനമേറ്റകാര്യം വീട്ടില്‍ പറയാതിരുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഞായറാഴ്ച പുറത്തുപോകാതെ വീട്ടില്‍തന്നെ ഉണ്ടായിരുന്നു. ഇക്കുറി വാര്‍ഡില്‍ ട്വന്റി20 സ്ഥാനാർഥി വിജയിച്ചതോടെയാണ് ദീപു സജീവപ്രവര്‍ത്തകനായത്. വാര്‍ഡ് സെക്രട്ടറിയായതിനാല്‍ പൊതുകാര്യങ്ങളില്‍ ഇടപെട്ടിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
കിഴക്കമ്പലം: രാഷ്ട്രീയ എതിരാളികളുടെ ജീവനെടുക്കുന്ന അക്രമരാഷ്ട്രീയം സി.പി.എം ഉപേക്ഷിക്കണമെന്ന് യു.ഡി.എഫ്. ദലിത് സമുദായത്തിൽപെട്ട ദീപു സി.പി.എം ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. തുടര്‍ഭരണത്തിന്റെ ബലത്തില്‍ സംസ്ഥാനത്തുടനീളം രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന കിരാത നടപടിയുടെ തുടര്‍ച്ചയാണ് കിഴക്കമ്പലത്തും അരങ്ങേറിയത്.
അധികാരവും പണവും ഉണ്ടെങ്കില്‍ എന്ത് ഹീനകൃത്യവും ചെയ്യാന്‍ സി.പി.എം മടിക്കില്ലെന്ന് കിഴക്കമ്പലം കൊലപാതകത്തിലൂടെ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണെന്ന് യു.ഡി.എഫ് ചെയര്മാന് സി.പി. ജോയി പറഞ്ഞു.
ഈ കൊലപാതകത്തിലെ മുഴുവന്‍ ഗൂഢാലോചനയും പുറത്തുകൊണ്ടു വരാനുള്ള സമഗ്ര അന്വേഷണം നടത്തണം. ദീപുവിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയാറാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.