ദീപുവിന്‍റെ കൊലപാതകം: തെളിവെടുപ്പ്​ നടത്തി

കിഴക്കമ്പലം: കിഴക്കമ്പലത്ത് ട്വന്‍റി20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികളെയും കാവുങ്ങല്‍പറമ്പില്‍ സംഭവസ്ഥലത്തെത്തിച്ച്​ തെളിവെടുപ്പ് നടത്തി. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവസ്ഥലത്ത് പ്രതികളുമായി പൊലീസ് എത്തിയത്.

വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ വാഹനത്തില്‍നിന്ന് പുറത്തിറക്കിയില്ല. സംഭവം നടന്ന സ്ഥലം വാഹനത്തില്‍ തന്നെയിരുന്ന്​ ചൂണ്ടിക്കാണിക്കുകയായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് പ്രതികളെ പുറത്തിറക്കാതിരുന്നതെന്ന്​ പൊലീസ് പറഞ്ഞു.

സി.പി.എം പ്രവര്‍ത്തകരായ പറാട്ട്​ വീട്ടില്‍ സൈനുദ്ദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വലിയപറമ്പില്‍ അസീസ്, വിയ്യാട്ട് അബ്​ദുറഹ്​മാന്‍ എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച വൈകീട്ട് നാലുവരെയാണ് പൊലീസ് കസ്​റ്റഡിയില്‍ വിട്ടിരിക്കുന്നത്.

കൊലക്കുറ്റത്തിനും ദലിത്​ പീഡനത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിളക്കണക്കല്‍ സമരത്തിനെത്തുടർന്ന്​ ദീപുവിനെ വീട്ടില്‍നിന്ന്​ പിടിച്ചിറക്കി മർദിച്ചെന്നാണ് കേസ്. ആദ്യം പഴങ്ങനാടും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ച ദീപു വെള്ളിയാഴ്ച മരിക്കുകയായിരുന്നു. വിശദ പോസ്റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും കൂടുതല്‍ നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുക എന്നാണ് സൂചന. എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    
News Summary - Deepu's murder: Evidence taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.