തിരുവനന്തപുരം: കൂറുമാറ്റത്തെ തുടർന്ന് സംസ്ഥാനത്തെ ആറ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കി. കാസർകോട് ഈസ്റ്റ് ഏളേരി, എറണാകുളം പൈങ്ങോട്ടൂർ, പാലക്കാട് പുതൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.
കാസർകോട് ഈസ്റ്റ് ഏളേരി പഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാർകുടിയിൽ, 14-ാം വാർഡിലെ ജിജി പുതിയപറമ്പിൽ 10-ാം വാർഡ് അംഗം വിനീത് (ലാലു) തെങ്ങുംപള്ളിൽ, മൂന്നാം വാർഡ് അംഗം ഡെറ്റി ഫ്രാൻസിസ് എന്നിവരെയാണ് അയോഗ്യരാക്കിയത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതാണ് അയോഗ്യതക്ക് കാരണം.
എറണാകുളം പൈങ്ങോട്ടൂർ പഞ്ചായത്തിലെ 10-ാം വാർഡ് അംഗം നിസാർ മുഹമ്മദാണ് അയോഗ്യനായ മറ്റൊരാൾ. പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയത്തിലും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും വിപ്പ് ലംഘിച്ചതാണ് കൂറുമാറ്റമായത്.
പാലക്കാട് പുതൂർ പഞ്ചായത്തിലെ നാലാം വാർഡ് അംഗം എൻ. മുഹമ്മദ് ബഷീറിനെയാണ് അയോഗ്യനാക്കിയത്. സ്വതന്ത്രനായി മൽസരിച്ച് ജയിച്ച ബഷീർ, മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നതാണ് അയോഗ്യതക്ക് വഴിവെച്ചത്.
അയോഗ്യരായ അംഗങ്ങൾ നിലവിൽ അംഗമായി തുടരുന്നതിനും ജൂലൈ രണ്ട് മുതൽ ആറ് വർഷത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനും തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.