ഗുരുവായൂര്‍: മാവോവാദി ഭീഷണി സംബന്ധിച്ച് വ്യാജ സന്ദേശം നൽകി പരിഭ്രാന്തിപരത്തിയ ആളെ പൊലീസ് പിടികൂടി. ഗുരുവായൂരിൽ വനിത മാവോവാദി ഒളിച്ചുതാമസിക്കുന്നുവെന്ന സന്ദേശം നൽകിയ തമിഴ്നാട് കടലൂര്‍ സ്വദേശി നന്ദകുമാറിനെയാണ് (28) പാലക്കാട് പൊലീസ് പിടികൂടിയത്.
വിരോധമുള്ള യുവതിയെ മാവോവാദിയാക്കി ചിത്രീകരിച്ച് കുടുക്കാനാണ് ഇയാൾ വ്യാജ ഫോൺ സന്ദേശം നൽകിയതെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട് പൊലീസ് അന്വേഷിക്കുന്ന കുഴല്‍മന്ദം സ്വദേശിനിയായ മാവോവാദി ഗുരുവായൂരിൽ ഒളിച്ചുതാമസിക്കുന്നുവെന്നാണ് പൊലീസിെൻറ തിരുവനന്തപുരത്തെ കേന്ദ്രത്തിലേക്ക് ഇയാൾ വിളിച്ചറിയിച്ചത്.
തിരുവനന്തപുരത്തുനിന്ന് നിർദേശിച്ചതനുസരിച്ച് പൊലീസ് ഗുരുവായൂരിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തമിഴ്നാട് പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഇങ്ങനെ ഒരു സ്ത്രീയെക്കുറിച്ച് അവർക്കും വിവരമില്ലെന്ന് വ്യക്തമായി. തുടർന്നാണ് ഭീഷണി സന്ദേശം വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി നന്ദകുമാറിനെ പിടികൂടിയത്.
താനുമായി പിണക്കത്തിലായ സ്ത്രീയെ കുടുക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും ആ സ്ത്രീ ഗുരുവായൂരിൽ ഉണ്ടായിരുന്നില്ലെന്നും പൊലീസിന് വ്യക്തമായി.
പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസിന് കൈമാറി. മാവോവാദി ഭീഷണിക്ക് പിന്നാലെ ക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണിയും ഉണ്ടായിരുന്നു. ഭീഷണി സന്ദേശം വന്ന ഫോൺ നമ്പർ കണ്ടെത്താൻ ബി.എസ്.എൻ.എൽ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.