ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് അരവിന്ദ് കെജ്രിവാൾ ഇന്നും ഹാജരാവില്ല. ഹാജരാവാൻ നിർദേശിച്ച് ഇ.ഡി അഞ്ചാമതും ഡൽഹി മുഖ്യമന്ത്രിക്ക് സമൻസ് അയച്ചിരുന്നു. എന്നാൽ, മദ്യനയ അഴിമതി കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്നാണ് കെജ്രിവാൾ അറിയിച്ചിരിക്കുന്നത്.
ബുധനാഴ്ചയാണ് ഇ.ഡി ഇതുമായി ബന്ധപ്പെട്ട് വീണ്ടും സമൻസ് അയച്ചത്. കഴിഞ്ഞ നാല് മാസങ്ങൾക്കിടെ അയച്ച സമൻസുകളിൽ അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. സമൻസ് നിയമവിരുദ്ധമാണെന്നാണ് കെജ്രിവാളിന്റെ നിലപാട്.
കെജ്രിവാളിനെ അറസ്റ്റ് ചെയ്യാനാണ് നരേന്ദ്ര മോദിയുടെ നീക്കമെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത് സർക്കാറിനെ വീഴ്ത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമം. അതുണ്ടാവാൻ ഒരിക്കലും അനുവദിക്കില്ലെന്നും ആം ആദ്മി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു.
നേരത്തെ നവംബർ രണ്ട്, ഡിസംബർ 21, ജനുവരി മൂന്ന്, ജനുവരി 18 തീയതികളിൽ ലഭിച്ച സമൻസുകൾ പ്രകാരം അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അതേസമയം, ഇന്ന് നടക്കുന്ന എ.എ.പിയുടെ ബി.ജെ.പിക്കെതിരായ സമരത്തിൽ അരവിന്ദ് കെജ്രിവാൾ പങ്കെടുക്കുമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും പ്രതിഷേധത്തിൽ പങ്കെടുക്കും. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്തിന് മുന്നിലാണ് എ.എ.പിയുടെ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.