ന്യൂസ് ക്ലിക്ക് ജീവനക്കാരിയുടെ പത്തനംതിട്ടയിലെ വീട്ടിൽ ഡൽഹി പൊലീസിന്‍റെ പരിശോധന

പത്തനംതിട്ട: കേന്ദ്രസർക്കാറിന്‍റെ മാധ്യമ വേട്ടക്ക്​ ഇരയായ ഡൽഹി കേന്ദ്രീകരിച്ച ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് ജീവനക്കാരിയുടെ പത്തനംതിട്ട കൊടുമണ്ണിലെ വീട്ടില്‍ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തി. മൊബൈല്‍ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിലെടുത്തു. ന്യൂസ് ക്ലിക്കില്‍ വീഡിയോഗ്രാഫറായ അനുഷയുടെ കൊടുമണ്‍ ഐക്കാട്ടെ അമ്മയുടെ വീട്ടില്‍ വെള്ളിയാഴ്ച വൈകീട്ടാണ് ഡല്‍ഹി പൊലീസ് സംഘം പരിശോധനക്ക്​ വന്നത്.

ജില്ല പൊലീസ് മേധാവി വി. അജിത്തിനെയും കൊടുമണ്‍ പൊലീസിനെയും അറിയിച്ചശേഷമാണ് ഇന്‍സ്‌പെക്ടര്‍ അടക്കം മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ വന്നത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ താമസിക്കുന്ന അനുഷ ജനിച്ചതും വളര്‍ന്നതും ജോലി ചെയ്യുന്നതും അവിടെയാണ്. മാതാപിതാക്കളും വര്‍ഷങ്ങളായി അവിടെ ജോലിക്കാരായിരുന്നു.

ഒരാഴ്ച മുമ്പാണ് അനുഷ അമ്മയുടെ വീട്ടിലെത്തിയത്. അനുഷയുടെ മൊഴി എടുത്തശേഷം ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്ത് മടങ്ങുകയായിരുന്നു. റെയ്ഡിന്‍റെ വിശദാംശങ്ങള്‍ പങ്കുവെക്കാന്‍ ഡല്‍ഹി പൊലീസ് തയാറായില്ല. 

Tags:    
News Summary - Delhi Police inspects News Click employee's house in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.