തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ഡൽഹി പ്രക്ഷോഭത്തിലേക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കേണ്ടെന്ന് യു.ഡി.എഫ് ഘടകകക്ഷികളിൽ പൊതുവികാരം. ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസത്തിനുള്ളിൽ കക്ഷി നേതാക്കളുടെ യോഗം ഓൺലൈനിൽ ചേരും. ധനപ്രതിസന്ധി സൃഷ്ടിച്ചതിൽ കേന്ദ്രത്തിന്റെ നിലപാടുകൾക്കൊപ്പംതന്നെ സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടുകളുമുണ്ടെന്നും ഇക്കാര്യം മറച്ചുവെക്കാനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് ഡൽഹി പ്രക്ഷോഭമെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ നേതാവ് ഇക്കാര്യം അക്കമിട്ട് നിരത്തിയിരുന്നു. കേന്ദ്ര അവഗണന സംബന്ധിച്ച വിഷയങ്ങളിൽ യു.ഡി.എഫ് എം.പിമാർ ഇതിനകംതന്നെ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഫലത്തിൽ ബജറ്റ് മുന്നിൽ കണ്ടുള്ള കണ്ണിൽ പൊടിയിടലാണ് ഡൽഹിസമരമെന്നും കോൺഗ്രസ് കരുതുന്നു.
ജനകീയ വിഷയങ്ങളുന്നയിച്ചുള്ള യു.ഡി.എഫിലെ യുവജനസംഘടനകളുടെ സമരങ്ങളെ പൊലീസ് നിരന്തരം ക്രൂരമായി നേരിടുമ്പോൾ യോജിച്ചുപ്രക്ഷോഭം എന്നതുതന്നെ അനുചിതവും ചിന്തിക്കാൻ പോലും കഴിയാത്തതുമാണെന്നാണ് ഒരു മുതിർന്ന നേതാവ് പ്രതികരിച്ചത്.
രാഷ്ട്രീയ സമരങ്ങൾ നേരിടുന്നതിലെ സകല മര്യാദകളും മറികടന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തത് പ്രവർത്തകർക്കിടയിൽ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്. യോജിച്ച സമരത്തിന് ക്ഷണിച്ച ദിവസം പോലും പ്രവർത്തകർ പൊലീസ് മർദനത്തിനിരായി. ഈ സാഹചര്യങ്ങളെല്ലാം മുൻനിർത്തിയാണ് ഒത്തുചേർന്നുള്ള സമരം യു.ഡി.എഫ് തള്ളാനൊരുങ്ങുന്നത്.യു.ഡി.എഫിനെ ക്ഷണിക്കുന്നുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് എൽ.ഡി.എഫിനും ഏറക്കുറെ ഉറപ്പുണ്ട്.
എന്നാൽ, കേന്ദ്രവിരുദ്ധ സമരത്തിൽ യു.ഡി.എഫ് വിട്ടുനിൽക്കുന്നത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയായുധമാക്കാനാണ് ഇടതുമുന്നണിയുടെ ശ്രമം. സമരക്ഷണം യു.ഡി.എഫ് തള്ളുകയോ കൊള്ളുകയോ ചെയ്യും മുമ്പു തന്നെ ഇടതുകൺവീനർ രംഗത്തെത്തിയതും ഇക്കാര്യം അടിവരയിടുന്നു.
കേരളത്തെ ദുർബലപ്പെടുത്താനാണ് കേന്ദ്ര നീക്കങ്ങളെങ്കിൽ, തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോൺഗ്രസും ബി.ജെ.പിയും പരസ്പരം ആലോചിച്ചാണ് കാര്യങ്ങൾ ചെയ്യുന്നതെന്നുമായിരുന്നു ഇ.പിയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.