തൃശൂർ: ഡോക്ടറെ കാണാനായി പുറപ്പെട്ട ഗർഭിണി കെ.എസ്.ആർ.ടി.സി ബസിൽ പെൺകുഞ്ഞിന് ജന്മം നൽകി. തിരുനാവായ മൺട്രോ വീട്ടിൽ ലിജീഷ് ജേക്കബിന്റെ ഭാര്യ സറീനയാണ് (37) പ്രസവിച്ചത്. അങ്കമാലിയിൽനിന്ന് തൊട്ടിൽപാലത്തേക്ക് പോവുകയായിരുന്ന ബസ് തൃശൂർ ചേരാമംഗലത്ത് എത്തിയപ്പോഴാണ് ഇവർക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടർന്ന് ബസ് അടുത്തുള്ള അമല മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടു.
ബസിൽനിന്ന് ആശുപത്രിയിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതർ സർവസജ്ജരായി പുറത്ത് നിലയുറപ്പിച്ചിരുന്നു. ബസ് ആശുപത്രി കാഷ്വാലിറ്റിക്ക് മുന്നിലെത്തിയപ്പോൾതന്നെ ഡോക്ടറും നഴ്സുമാരും ബസിൽ കയറി. തുടർന്ന് ബസിൽതന്നെ സറീന പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയിൽ സുഖമായിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. തിരുനാവായയിലെ ആശുപത്രിയിൽ പോകാനാണ് യുവതി ബസിൽ കയറിയത്. എന്നാൽ, ബസ് ചേരാമംഗലത്ത് എത്തിയപ്പോൾ യുവതിക്ക് പ്രസവവേദന തുടങ്ങി. തുടർന്ന് ജീവനക്കാരും യാത്രക്കാരും സമയോചിതമായി ഇടപെട്ടാണ് ബസ് ആശുപത്രിയിലേക്ക് തിരിച്ചുവിട്ടത്. യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ബസ് യാത്ര തുടർന്നു. ബന്ധുക്കൾ ആരും യാത്രയിൽ യുവതിയോടൊപ്പം ഉണ്ടായിരുന്നില്ല. മൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയുമുള്ള ഇവരുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. അങ്കമാലി സ്വദേശിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.