തൊട്ടാൽ പൊടിയുന്ന ചെമ്പൂച്ചിറ സ്കൂളിന്റെ പുതിയ കെട്ടിടം പൊളിച്ചത് കരാറുകാരന്‍റെ ചെലവിലെന്ന് ധനമന്ത്രി

തിരുവനന്തപുരം: മുൻ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്‍റെ പുതുക്കാട് മണ്ഡലത്തില്‍ കിഫ്ബിയുടെ മൂന്ന് കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 75 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഗുണനിലവാരമില്ലാത്തിനെ തുടർന്ന് പൊളിച്ച വിഷയത്തിൽ വിശദീകരണവുമായി ധനമന്ത്രി. തൃശൂർ ചെമ്പൂച്ചിറ സ്കൂളിൽ പണിത കെട്ടിടം പൊളിക്കൽ ജോലി കരാറുകാരന്‍റെ ചെലവിലാണ് നടത്തിയതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അറിയിച്ചു.

സ്കൂളിൽ കിഫ്ബി ഇൻസ്പെക്ഷൻ വിഭാഗം പരിശോധന നടത്തുകയും കെട്ടിടം നിർമാണം നിർത്തിവെക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. പ്രവൃത്തി പുനരാരംഭിക്കുന്നതിന് നിർമാണചുമതല ഉണ്ടായിരുന്ന എസ്.പി.വി രേഖകൾ സമർപ്പിച്ചിരുന്നു. ഇതു വിശദമായി പരിശോധിച്ച ശേഷം വിദഗ്ധ ഏജൻസികളുമായി കൂടിയാലോചിച്ച് അറ്റകുറ്റപ്പണി നട‌ത്താൻ നിർദേശം നൽകുകയും ചെയ്തു.

ഇതിനു ശേഷം മാത്രമേ മറ്റു പ്രവ‍ർത്തികൾ ചെയ്യാവൂ എന്നും നിർദേശം നൽകിയിരുന്നു. ത‍ൃശൂർ ഗവ. എൻജിനിയറിങ് കോളജിന്‍റെ വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് സ്ഥലം എം.എൽ.എ, ജില്ല പഞ്ചായത്ത്, സ്കൂൾ അധികൃതർ എന്നിവരെ അറിയിച്ചാണ് കെട്ടി‌‌ടം പൊളിക്കൽ നടപടി ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.

ചെമ്പൂച്ചിറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച അഞ്ചു ക്ലാസ് മുറികളാണ് പൊളിച്ചത്. പഴയ ക്ലാസ് മുറികള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടമാണിത്. ഏറ്റവും കനം കുറഞ്ഞ കമ്പി ഉപയോഗിച്ചാണ് രണ്ടാം നില വാര്‍ത്തിരിക്കുന്നത്. കെട്ടിടത്തിന്റെ ടെറസില്‍ വിള്ളലുകള്‍ രൂപപ്പെട്ടതോടെ ചോര്‍ച്ചയും കണ്ടുതുടങ്ങിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട് നിര്‍മാണം നടത്തുകയായിരുന്നെന്ന് ആരോപണമുണ്ടായിരുന്നു.

നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ക്കകം കെട്ടിടത്തില്‍ വിള്ളലുണ്ടായി. തുടര്‍ന്ന് തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജിലെ വിദഗ്ധ സംഘവും കിഫ്ബിയും പരിശോധന നടത്തിയിരുന്നു. 

Tags:    
News Summary - Demolition of Chembuchira school building at contractor's expense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.