തിരുവനന്തപുരം: െഎ.പി.എസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസെടുക്കാനുള്ള നടപടി പിൻവലിച്ചു. സർവിസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസെടുക്കാനുള്ള തീരുമാനമാണ് െഎ.പി.എസ് ഉദ്യോഗസ്ഥരുടെ ഇടപെടലിെൻറയും രാഷ്ട്രീയ മുതലെടുപ്പുണ്ടാകുമെന്ന വിലയിരുത്തലിെൻറയും അടിസ്ഥാനത്തിൽ സർക്കാർ പിൻവലിച്ചത്.
വകുപ്പുതല നടപടി മാത്രം മതിയെന്നും തിരക്കിട്ട് തുടർനടപടി വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിക്കുകയായിരുന്നു. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന ജേക്കബ് തോമസിെൻറ ആത്മകഥയിൽ ഗുരുതര വീഴ്ചകളാണ് സർക്കാർ നിയോഗിച്ച മൂന്നംഗ സമിതി കണ്ടെത്തിയത്. കേന്ദ്ര സർവിസ് ചട്ടം ലംഘിച്ചും സർക്കാർ അനുമതിയില്ലാതെയും പുസ്തകമെഴുതിയതിന് ക്രിമിനൽ കേസും വകുപ്പുതല നടപടിയുമാണ് സമിതി ശിപാർശ ചെയ്തത്. ആദ്യം ഇതംഗീകരിച്ച മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് ഫയൽ കൈമാറുകയായിരുന്നു. എന്നാൽ, സംസ്ഥാനത്തെ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരിൽ ഒരാളായ ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സർക്കാർ നീക്കത്തിലുള്ള പൊലീസ് സേനയുടെ അതൃപ്തിയും മുഖ്യമന്ത്രിയുടെ ഓഫിസിനെ അവർ അറിയിച്ചു. ഇതിനെ തുടർന്ന് കഴിഞ്ഞദിവസം രാത്രിതന്നെ മുഖ്യമന്ത്രി ഇതുസംബന്ധിച്ച ഫയൽ തിരികെ വിളിക്കുകയായിരുന്നു. സർക്കാറിെൻറയും മുഖ്യമന്ത്രിയുടെയും വിശ്വസ്തനായിരുന്ന ജേക്കബ് തോമസിനെതിരെ കടുത്ത തീരുമാനത്തിലേക്ക് പോയാൽ അത് രാഷ്ട്രീയ ആയുധമാക്കപ്പെടുമെന്ന വിലയിരുത്തലുമുണ്ടായി. ജേക്കബ് തോമസിൽനിന്ന് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ മാത്രമാകും വകുപ്പുതല നടപടിയുണ്ടാകുകയെന്നാണ് ലഭിക്കുന്ന വിവരം. നടപടികൾക്ക് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ട് മാത്രം അടിസ്ഥാനമാക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.