'ആവാസ്' തുടരുന്നതിനിടെ 'അതിഥി' പോർട്ടലുമായി തൊഴിൽവകുപ്പ്

തിരുവനന്തപുരം: 'ആവാസ്' രജിസ്ട്രേഷൻ തുടരുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പിന് 'അതിഥി' പോർട്ടലുമായി തൊഴിൽവകുപ്പ്.

കോവിഡിന് ശേഷമുള്ള സാഹചര്യത്തിൽ സംസ്ഥാനത്ത് എത്ര അതിഥി തൊഴിലാളികളുണ്ടെന്നോ എത്ര പേർ വന്നുപോയെന്നോയുള്ള കണക്ക് സർക്കാറിന്‍റെ കൈവശമില്ല. ഇത് സംബന്ധിച്ച വിവരശേഖരണമാണ് 'അതിഥി' പോർട്ടലിലൂടെ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തേക്ക് യാത്ര പുറപ്പെടും മുമ്പ് തൊഴിലാളിക്ക് വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യാവുന്ന വിധത്തിലാണ് പോർട്ടൽ. മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്. 40 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

'ആവാസ്' അഷ്വറൻസ് രജിസ്ട്രേഷൻ അതിഥി തൊഴിലാളികളുടെ ചികിത്സ സംബന്ധമായ കാര്യങ്ങൾക്കാണെന്നും 'അതിഥി' പോർട്ടലും ആപ്പും വിവരശേഖരണം ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് തൊഴിൽവകുപ്പ് വ്യക്തമാക്കുന്നത്. 'അതിഥി' പോർട്ടലിൽ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ല. ആധാറോ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. കേരളത്തിലെത്തിയശേഷം അതാത് ജില്ലകളിലെ ഫെസിലിറ്റേഷൻ സെന്‍ററുകളിലെത്തിയാൽ 'അതിഥി' രജിസ്ട്രേഷൻ, ആവാസ് രജിസ്ട്രേഷനുമായി ബന്ധിപ്പിച്ച് ചികിത്സ കാർഡുകൾ നൽകുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾക്കായി സംസ്ഥാനത്ത് നടക്കുന്ന മൂന്നാമത്തെ രജിസ്ട്രേഷനാണിത്. വി.എസ് സർക്കാറിന്‍റെ കാലത്ത് കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 'കുടിയേറ്റ തൊഴിലാളികൾക്കായി ആദ്യ ആരോഗ്യ ഇൻഷുറൻസ്' എന്ന പേരിൽ ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് 'ആവാസ്' പദ്ധതി ആരംഭിച്ചത്. സോഫ്റ്റ്വെയറും എൻട്രോൾമെൻറ് സൗകര്യങ്ങളും ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത്, ആധാർ കാർഡിന്‍റെ മാതൃകയിൽ ബയോമെട്രിക് വിവരം ഉൾപ്പെടുത്തിയ ആവാസ് കാർഡുകൾ നൽകുന്നതായിരുന്നു രീതി. ഇൻഷുറൻസ് ഏജൻസിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് പണം സർക്കാർ നേരിട്ട് നൽകുന്ന അഷ്വറൻസ് സ്വഭാവത്തിലാണ് പദ്ധതി തുടരുന്നത്. 5,13,359 തൊഴിലാളികളെയാണ് രജിസ്റ്റർ ചെയ്തത്. 

Tags:    
News Summary - Department of Labor with 'Athidhi' Portal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.