തിരുവനന്തപുരം: അപേക്ഷ നടപടികൾ സുരക്ഷിതമാക്കുന്നതിനുവേണ്ടി മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ആധാർ അധിഷ്ഠിത സേവന സൗകര്യം ഇടനിലക്കാർക്കായി അട്ടിമറിച്ചു. അപേക്ഷ സമയത്ത് വാഹന ഉടമയുടെ ആധാർ നൽകുകയും ഇതിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് തുടർനടപടികൾക്കുള്ള ഒ.ടി.പി എത്തുകയും ചെയ്യുംവിധമായിരുന്നു ക്രമീകരണം. ഇതുവഴി ഇടനിലക്കാരെ ഒഴിവാക്കുകയും നടപടികളിൽ യഥാർഥ വാഹന ഉടമയെ ഉൾപ്പെടുത്തി സുതാര്യമാക്കുകയും ചെയ്യുകയെന്നതായിരുന്നു ലക്ഷ്യം. ഏഴോളം സേവനങ്ങൾ ആധാർ അധിഷ്ഠിതമാക്കുകയും ആഘോഷപൂർവം ഉദ്ഘാടനം നടത്തുകയും ചെയ്തെങ്കിലും വൈകാതെ, സംവിധാനത്തിൽ വെള്ളംചേർത്തു.
ആധാറിനു പകരം ഫോൺ നമ്പർ കൂടി നൽകാനുള്ള ഓപ്ഷൻ വന്നതോടെയാണ് ഇടനിലക്കാർക്ക് സൗകര്യമായത്. ആധാർ മാത്രമായിരുന്നെങ്കിൽ യഥാർഥ ഉടമക്കേ അപേക്ഷ നടപടികൾ തുടരാനാകൂ. മൊബൈൽ ഫോൺ നമ്പർ കൂടി വന്നതോടെ ഏജന്‍റിന് സ്വന്തം മൊബൈൽ നമ്പർ നൽകി തന്നെ അപേക്ഷകൾ പൂർത്തിയാക്കാം. പോർട്ടലിൽ മൊബൈൽ നമ്പർ ചേർക്കുന്നതിന് ആധാർ നൽകണമെന്ന വ്യവസ്ഥയും ഒഴിവാക്കിക്കൊടുത്തതോടെ കാര്യങ്ങൾ എളുപ്പം.
വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റമടക്കം എട്ടോളം സേവനങ്ങൾക്ക് പഴയ ആർ.സി ബുക്ക് ഹാജരാക്കേണ്ടതില്ലെന്നാണ് പുതിയ നിർദേശം. ഇതുമൂലം നടപടികൾ എളുപ്പമായെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും കാര്യങ്ങൾ കൂടുതൽ സുരക്ഷിതമല്ലാതാകുകയാണ്. ഉടമയറിയാതെ ആർ.സി ബുക്ക് മറ്റൊരാളുടെ പേരിലേക്ക് മാറ്റാനാകുമെന്നതടക്കം തട്ടിപ്പിന്‍റെ വലിയ സാധ്യതകളും പതിയിരിക്കുന്നുണ്ട്.
സ്വന്തം നിലക്ക് അപേക്ഷകൾ പൂർത്തീകരിക്കാനുള്ള വാഹനിലെ സങ്കീർണതകൾ കാരണം ഇടനിലക്കാർ വഴിയാണ് അധിക പേരും സേവനങ്ങൾക്കായി സമീപിക്കുക. സൗകര്യത്തിനായി പലപ്പോഴും വാഹന നമ്പറിനൊപ്പം പോർട്ടലിൽ നൽകുക ഇടനിലക്കാരന്‍റെ ഫോൺ നമ്പറായിരിക്കും. സേവനങ്ങൾക്ക് ആർ.സി ബുക്കിന്‍റെ പകർപ്പും മറ്റ് രേഖകളും ഇടനിലക്കാരനെ ഏൽപിക്കുകയാണ് സാധാരണ രീതി. ഒറിജിനൽ ഹാജരാക്കേണ്ടതില്ലെന്നതിനാൽ പുറത്തുള്ളയാൾ എന്ത് കൈകടത്തൽ നടത്തിയാലും ഉടമയറിയില്ല.
അതേ സമയം ആധാറുമായി ബന്ധിപ്പിച്ച വാഹനങ്ങളിൽ ഈ തട്ടിപ്പ് നടക്കില്ല. വാഹനവുമായി ബന്ധപ്പെട്ട എന്ത് നപടികളും ഉടമയറിയാതെ പൂർത്തീകരിക്കാനുമാകില്ല. വോട്ടർപട്ടികയും തണ്ടപ്പേരും ബാങ്ക് അക്കൗണ്ടുമെല്ലാം ആധാറുമായി ബന്ധിപ്പിക്കുന്നുണ്ടെങ്കിലും മോട്ടോർ വാഹനസേവനങ്ങൾക്കു മാത്രം ഇത് പ്രാവർത്തികമല്ലെന്നതാണ് കൗതുകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.