വിലക്കയറ്റം: വിപണിയിൽ പരിശോധനയില്ല; നോക്കുകുത്തിയായി പൊതുവിതരണ വകുപ്പ്

തൃശൂർ: അരിക്കും പലവ്യഞ്ജനങ്ങൾക്കും വില കുതിക്കുമ്പോൾ നടപടിയെടുക്കാതെ പൊതുവിതരണ വകുപ്പ്. റേഷൻ വസ്തുക്കൾ കരിഞ്ചന്തയിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാനും പൂഴ്ത്തിവെപ്പ് തടയാനും പരിശോധന പോലുമില്ല. ആഘോഷ വേളകളിൽ പൊതുവിതരണ വകുപ്പ് സ്ഥിരമായി വിപണി പരിശോധനക്കായി സംവിധാനങ്ങളൊരുക്കാറുണ്ട്.

ഓണത്തിന് ഒരു മാസം മുമ്പേ തയാറാക്കുന്ന പ്രത്യേകം സ്ക്വാഡുകൾ ഓണമിങ്ങ് എത്തിയിട്ടും രൂപവത്കരിച്ചിട്ടു പോലുമില്ല. വിപണിയിൽ പരിശോധനയില്ലാത്തതിനാൽ പൂഴ്ത്തിവെപ്പടക്കം ഉണ്ടെന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഭക്ഷ്യവകുപ്പ് ഇടപെടലില്ലാതെ നോക്കുകുത്തിയാവുന്നത്.

സിവിൽ സപ്ലൈസ് കൺട്രോളറുടെ നേതൃത്വത്തിൽ സംസ്ഥാന, മേഖല, ജില്ല, താലൂക്ക് സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന നടത്തുകയാണ് പതിവ്. ഒരു പരിധിവരെ വില പിടിച്ചുനിർത്താൻ ഇത് സഹായകവുമാണ്. സംസ്ഥാനതലത്തിൽ പ്രത്യേക സംഘത്തിന് പുറമേ നാലു മേഖലകളായി തിരിച്ചും പരിശോധന സംഘത്തെ നിയോഗിക്കുകയാണ് രീതി.

ഇത് കൂടാതെ ജില്ല, താലൂക്ക് തലങ്ങളിലും സ്ക്വാഡുകൾ പരിശോധനയുമായി ഇറങ്ങും. സ്ക്വാഡ് നേരത്തെ രൂപവത്കരിച്ച് പരിശോധന എന്ന് തുടങ്ങണമെന്ന കർശന നിർദേശം വരെ വകുപ്പ് നൽകാറുണ്ട്. ഇക്കുറി രണ്ടാഴ്ചയായി അരിവില കയറവേ ഇത്തരമൊരു നീക്കമുണ്ടാവാത്തതിൽ ഉദ്യോഗസ്ഥർക്ക് അമർഷമുണ്ട്.

എന്നാൽ വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ജില്ല സമ്മേളനങ്ങൾ നടക്കുന്നതിനാൽ വൻകിട മുതലാളിമാരെയും മില്ലുടമകളെയും പിണക്കേണ്ടതില്ലെന്ന നിലപാടാണ് നടപടി പിന്നോട്ടടിക്കാൻ കാരണമെന്ന് ഉന്നത ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. അതേസമയം പരിശോധന സംവിധാനങ്ങൾ മുടങ്ങിയ സാഹചര്യം ഉപയോഗപ്പെടുത്തുകയാണ് കച്ചവടക്കാർ.

ഓണം വിപണി പ്രതീക്ഷിച്ച് വളരെ നേരത്തെ തന്നെ വൻതോതിൽ ചരക്ക് എത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൃത്രിമ ക്ഷാമം വരെ സൃഷ്ടിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Tags:    
News Summary - Department of Public Supply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.