കൊച്ചി: സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ സർക്കാർ വകുപ്പുകൾ യോജിച്ച നീക്കത്തിന് തയാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ കർമപദ്ധതി വനം വകുപ്പ് തയാറാക്കി വരുകയാണ്. വ്യത്യസ്ത വകുപ്പുകൾ സ്വന്തം നിലക്ക് നടത്തുന്ന പ്രവർത്തനങ്ങൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ച് കൂടുതൽ കാര്യക്ഷമമാക്കാനാണ് തീരുമാനം.
മനുഷ്യ-വന്യജീവി സംഘർഷം തടയാൻ കേരളം സമർപ്പിച്ച 620 കോടിയുടെ പദ്ധതി കേന്ദ്ര സർക്കാർ മടക്കിയ സാഹചര്യത്തിൽ കൂടിയാണ് വകുപ്പുകളുടെ കൂട്ടായ നീക്കം. കൃഷി, മൃഗസംരക്ഷണം, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളാണ് മനുഷ്യ-വന്യജീവി സംഘർഷം പ്രതിരോധിക്കാനുള്ള യോജിച്ച നീക്കത്തിൽ വനം വകുപ്പുമായി കൈകോർക്കുന്നത്. കാട്ടാനശല്യം തടയാൻ സൗരോർജ വേലി തീർക്കുന്നതിന് വനം വകുപ്പ് നടപ്പുസാമ്പത്തിക വർഷം 60 കോടി ചെലവഴിക്കുന്നുണ്ട്.
ഈ തുക ഉപയോഗിച്ച് 700 കിലോമീറ്ററോളം തൂക്ക് സൗരോർജ വേലി സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തിയായി വരുകയാണെന്ന് വനം വകുപ്പ് അറിയിച്ചു. സൗരോർജ വേലിക്കായി കൃഷി വകുപ്പ് 25 കോടിയോളം വകയിരുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വനം വകുപ്പുമായി ചേർന്ന് നടത്താൻ താൽപര്യം അറിയിച്ച് കൃഷി വകുപ്പ് കത്ത് നൽകിയിരിക്കുകയാണ്.
തദ്ദേശസ്വയം ഭരണം, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ വന്യജീവി ശല്യം തടയാൻ ലക്ഷ്യമിട്ട് തയാറാക്കിയ സമാന പദ്ധതികളും വനം വകുപ്പിന്റെ പദ്ധതികളുമായി സംയോജിപ്പിക്കും. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ കൂടി കണക്കിലെടുത്താണ് സംയുക്തമായി പദ്ധതികൾ തയാറാക്കുന്നത്.
നിലവിൽ ഓരോ വകുപ്പും സ്വന്തം നിലക്ക് പദ്ധതികൾ നടപ്പാക്കുകയാണ്. ഒരേ കാര്യത്തിനായി ഒരു വകുപ്പ് നടപ്പാക്കുന്നത് മറ്റൊരു വകുപ്പ് അറിയാതെ പോകുന്നു. ഇതുമൂലം ഒരേ പദ്ധതിയിൽതന്നെ വ്യത്യസ്ത വകുപ്പുകൾ ഒന്നിലധികം തവണ ഫണ്ട് ചെലവഴിക്കുന്ന അവസ്ഥയുമുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുക എന്നതുകൂടി പുതിയ നീക്കത്തിന്റെ ലക്ഷ്യമാണ്.
മനുഷ്യ-വന്യജീവി സംഘർഷത്തിന് കേരളം സ്വന്തം നിലക്ക് പരിഹാരം കണ്ടെത്തണമെന്നാണ് സംസ്ഥാനം സമർപ്പിച്ച ബൃഹത്പദ്ധതിക്ക് അംഗീകാരം നിഷേധിച്ച് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചത്. അഞ്ച് വർഷം കൊണ്ട് നടപ്പാക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. കേന്ദ്രം കൈയൊഴിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ട ഭാരിച്ച ബാധ്യത കേരളം ഏറ്റെടുക്കാൻ നിർബന്ധിതമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.