തിരുവനന്തപുരം: അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ വാർത്തയിൽ നിന്ന് തന്റെ പേരും ചിത്രവും ഒഴിവാക്കിയ ദേശാഭിമാനി ദിനപത്രത്തിനെതിരെ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സി.പി.ഐ പ്രതിനിധി ആയതിനാലാണോ തന്നെ ഒഴിവാക്കിയതെന്നും, ഇതാണോ സാമൂഹിക നീതിയും സമത്വവുമെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.
ഡോ. ബി.ആർ. അംബേദ്കറിന്റെ ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായാണ് നിയമസഭാ സമുച്ചയത്തിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയത്. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, വി.ശിവൻകുട്ടി എന്നിവർ ഒരുമിച്ചാണ് പുഷ്പാർച്ചനക്കെത്തിയത്. എന്നാൽ, ഇതിൽ നിന്നും ചിറ്റയം ഗോപകുമാറിന്റെ പേരും ഫോട്ടോയും മാത്രം ഒഴിവാക്കിയാണ് പത്രം വാർത്ത പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ ദേശാഭിമാനി വിശദീകരണം പ്രസിദ്ധീകരിക്കുകയും ചിറ്റയം ഗോപകുമാർ ഫേസ്ബുക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ചിറ്റയം ഗോപകുമാര്‍ ഇല്ലാതിരുന്നതിനാലാണ് ഫോട്ടോയ്‌ക്കൊപ്പം പേര് വയ്ക്കാതിരുന്നതെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം.
ചിറ്റയം ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇത് ഏപ്രിൽ 15ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ചിത്രവും വാർത്തയുമാണ്. ഏപ്രിൽ 14 ന് അംബേദ്ക്കർ ദിനത്തിൽ നിയമസഭയിൽ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുവാൻ ഡെപ്യൂട്ടി സ്പീക്കർ എന്ന നിലയിൽ ഞാനും മന്ത്രിമാരായ കെ.രാധാകൃഷ്ണനും വി.ശിവൻകുട്ടിയും ഒരുമിച്ചാണ് വന്നത് . നിയമസഭയിലെ വാച്ച് ആന്റ് വാർഡിന്റെ സല്യൂട്ട് സ്വീകരിച്ചതും ഞാനാണ്. അതിന് ശേഷം ഞാനും മന്ത്രിമാരും ഒരുമിച്ചാണ് പുപ്പാർച്ചന നടത്തിയത്. പക്ഷെ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ എന്നെ ഒഴിവാക്കി.
ഇതാണോ സാമൂഹ്യനീതി?
ഇതാണോ സമത്വം ?
ഞാൻ സി.പി.ഐ പ്രതിനിധി ആയത് കൊണ്ടാണോ എന്നെ ഒഴിവാക്കിയത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.