അടൂർ: മണ്ഡലകാലം ആരംഭിച്ച് 15 ദിവസമായിട്ടും കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിൽ പമ്പ സർവിസിന് ബസ് അനുവദിക്കാത്തതിനെതിരെ സ്റ്റേഷൻ മാസ്റ്ററോട് പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. പമ്പക്ക് ബസ് സർവിസ് നടത്താത്തതിന് കാരണക്കാർ ഡ്യൂട്ടിയിലിരിക്കുന്ന സ്റ്റേഷൻ മാസ്റ്ററും ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരും ആണെന്ന് ആരോപിച്ചാണ് ഡെപ്യൂട്ടി സ്പീക്കറുടെ അധിക്ഷേപം. അതേസമയം, സ്റ്റേഷൻ മാസ്റ്റർ നിരപരാധിയാണെന്നും ചിറ്റയം മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ രംഗത്തെത്തി.
പമ്പ ബസ് ഇല്ലാത്തതിനെ തുടർന്ന് ബുധനാഴ്ച രാത്രി അയ്യപ്പന്മാർ ഡിപ്പോയിൽ പ്രതിഷേധിച്ചിരുന്നു. വിവരം അറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിൽ മുദ്രാവാക്യം വിളികളുമായി എത്തുകയും ചെയ്‌തു. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ പത്തനംതിട്ട ഓഫിസിൽ ബന്ധപ്പെടുകയും അവിടെ നിന്നും ഒരു ബസ് അടൂരിലേക്ക് അയക്കുകയും ചെയ്‌തു. ഇതിനുപിന്നാലെയാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥലത്തെത്തി ഡ്യൂട്ടിയിലുള്ള സ്റ്റേഷൻ മാസ്റ്ററെയും ജീവനക്കാരെയും പരസ്യമായി പൊതുജനങ്ങളുടെ മുന്നിൽ വെച്ച് ആക്ഷേപിച്ചത്. സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലും മറ്റും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചു.
"സ്റ്റേഷൻ മാസ്റ്റർ ആണെന്ന് പറഞ്ഞിരിക്കുന്നു. താൻ എന്തോ ഒണ്ടാക്കാനാ സ്റ്റേഷൻ മാസ്റ്ററായി ഇരിക്കുന്നത്. എന്ത് തോന്ന്യാസവും കാണിക്കാമെന്നാണോ? മര്യാദക്ക് ജോലി ചെയ്തോണം.... മര്യാദക്ക്... ബസില്ലാത്തത് എന്നോട് പറയാഞ്ഞതെന്താ? ഞാൻ ഇവിടെ അടുത്തല്ലേ താമസിക്കുന്നത്... " എന്നൊക്കെ ചോദിച്ചു ചിറ്റയം രോഷാകുലനാകുകയായിരുന്നു. തുടർന്ന് ഓഫിസിനു മുന്നിൽ നഗരസഭ ചെയർമാൻ ഡി. സജിയോടൊപ്പം ഇരിപ്പുറപ്പിച്ച ചിറ്റയം മന്ത്രിയുമായി ഫോണിൽ സംസാരിച്ചു. പമ്പ സർവിസിനായി വ്യാഴാഴ്ച മൂന്നു ബസുകൾ അടൂർ ഡിപ്പോയിൽ എത്തുമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ചിറ്റയം പറഞ്ഞു.
മുൻ കാലങ്ങളിൽ അടൂർ യൂനിറ്റിലേക്ക് പമ്പ സ്പെഷ്യൽ സർവിസ് നടത്തുന്നതിനായി മറ്റ് ഡിപ്പോകളിൽ നിന്നു മൂന്ന് ബസുകളും അതിനാവശ്യമായ ജീവനക്കാരെയും അനുവദിച്ചിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ പമ്പക്ക് ബസ് സർവിസ് നത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ വർഷം അടൂരിലേക്ക് ആവശ്യമായ ബസും ജീവനക്കാരെയും അനുവദിച്ചിരുന്നില്ല. മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ സമീപനം മൂലമാണിതെന്നാരോപിച്ച് അയ്യപ്പഭക്തരും ഡെപ്യൂട്ടി സ്പീക്കറുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ബസ് ഇല്ലാത്തത് താനിപ്പോഴാണ് അറിഞ്ഞതെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞപ്പോൾ 'സാറല്ലേ നേരത്തെ അറിയേണ്ടത്' എന്നായിരുന്നു ഭക്തരുടെ പ്രതികരണം. ഇത്രയും ദിവസമായിട്ടും അടൂരിൽ ബസ് അനുവദിച്ചിട്ടില്ല എന്നത് അടൂരിൻ്റെ ജനപ്രതിനിധി കൂടിയായ ഡെപ്യൂട്ടി സ്പീക്കർ അറിഞ്ഞിട്ടില്ല എന്നത് യൂനിറ്റിലെ ജീവനക്കാരുടെ കുഴപ്പമോ ഉത്തരവാദക്കുറവോ അല്ലെന്ന് ജീവനക്കാർ പറഞ്ഞു.
നിരപരാധിയായ സ്റ്റേഷൻ മാസ്റ്ററിനെ ബലിയാടാക്കി ഡെപ്യൂട്ടി സ്പീക്കർ നടത്തിയ നടപടി മാന്യതയില്ലാത്തതാണെന്ന് കെ.എസ്.ടി വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) അടൂർ യൂനിറ്റ് കമ്മിറ്റി ആരോപിച്ചു. അടൂർ ഡിപ്പോയിൽ നിന്നു പമ്പക്ക് ബസ് ഇല്ലാത്തത് ആരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണന്ന് വസ്തുനിഷ്ടമായി അന്വേഷിച്ച് നടപടി എടുക്കുകയാണ് വേണ്ടതെന്ന് യൂനിയൻ പറഞ്ഞു. പ്രശാന്ത് മണ്ണടി അധ്യക്ഷത വഹിച്ചു.
ചിറ്റയം ഗോപകുമാറിന്റെ നടപടി പദവിക്ക് നിരക്കാത്തത് ആണെന്നും ജീവനക്കാരെ അടൂർ യൂനിറ്റിൽ എത്തി പരസ്യമായി ആക്ഷേപിച്ചതിന് ചിറ്റയം ഖേദം പ്രകടിപ്പിക്കണമെന്നും കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്)അടൂർ യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സെക്രട്ടറി മേലൂട് അഭിലാഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
മണ്ഡല കാല തുടക്കം മുതൽ അടൂർ കെ.എസ്ആർ.ടി.സി ഡിപ്പോയിൽ നിന്നും പമ്പയ്ക്ക് ബസ് സർവിസ് നടത്താൻ ഇതുവരെ യാതൊരു ശ്രമവും നടത്താത്ത എം.എൽ.എ യുടെ നടപടിയിൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. 'കഴിഞ്ഞ ദിവസം സ്ത്രീകൾ ഉൾപ്പെടെ 100 ലധികം അയ്യപ്പഭക്തർ മണിക്കൂറുകളോളം ബുദ്ധിമുട്ടേണ്ടി വന്നു. മണ്ഡലകാലം ആരംഭിച്ച് നാളിതുവരെയായിട്ടും അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ബസ് വിടാൻ സംവിധാനമില്ലാത്ത അവസ്ഥയിലാണ്. ഇത് എം എൽ എ ഭക്തരോട് കാണിക്കുന്നത് അനീതിയാണ്' -ബി.ജെ.പി ആരോപിച്ചു.
'തിരുവനന്തപുരം, കൊട്ടാരക്കര ഡിപ്പോയിൽ നിന്നും പമ്പയ്ക്ക് പോകുന്ന ബസുകളിൽ തീർഥാടകരുടെ തിരക്കാണ്. ഇതു കാരണം അടൂരിൽനിന്നും തീർത്ഥാടകർക്ക് ബസിൽ കയറാൻ സാധിക്കില്ല. നിലവിൽ അടൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് ബസിൽ കയറി അവിടെ നിന്നും മറ്റൊരു ബസ് കയറി വേണം പമ്പക്ക് പോകാൻ. തങ്ങളുടെ സമരം ശക്തമായതോടെയാണ് കെ.എസ്.ആർ.ടി.സി അധികൃതർ ഒരു ബസ് വിടാൻ തയറായത്. ഈ സമയം എം.എൽ.എ നാടകീയമായെത്തി പ്രഹസന വാഗ്ദാനം നൽകുകയായിരുന്നു. ഡിപ്പോയിൽ കംഫർട്ട് സ്റ്റേഷൻ ഇല്ല, വെളിച്ചമില്ല, മറ്റ് യാതൊരു അടിസ്ഥാന കാര്യങ്ങളും ഇല്ല. ഇത് പ്രാവർത്തികമാക്കാത്തത് എം.എൽ.എയുടെ പിടിപ്പുകേടാണ്' -ബി.ജെ.പി കുറ്റപ്പെടുത്തി.
യോഗം എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് രൂപേഷ് അടൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.