ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർ സ്ഥാനക്കയറ്റം വേണോ; വില്ലേജ് ഓഫിസുകളിൽ ജോലി ചെയ്യണം

മലപ്പുറം: ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ വില്ലേജ് ഓഫിസുകളിൽ നിശ്ചിത കാലം സേവനം നിർബന്ധമാക്കി റവന്യൂ വകുപ്പിന്‍റെ ഉത്തരവ്. ഡെപ്യൂട്ടി തഹസിൽദാർ/ ജൂനിയർ സൂപ്രണ്ട് സ്ഥാനക്കയറ്റം ലഭിക്കണമെങ്കിൽ രണ്ട് വർഷം വില്ലേജ് ഓഫിസിൽ ജോലി ചെയ്യണം.

വില്ലേജ് അസിസ്റ്റന്‍റ്, സ്പെഷൽ വില്ലേജ് ഓഫിസർ, വില്ലേജ് ഓഫിസർ തസ്തികകളിൽ ജോലി ചെയ്തവർക്കാണ് സ്ഥാനക്കയറ്റം ലഭിക്കുക. 2025 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ തഹസിൽദാർമാരായി സ്ഥാനക്കയറ്റം കിട്ടേണ്ടവർക്കാണ് ഉത്തരവ് ബാധകം.

അതേസമയം, വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിക്കാൻ മൂന്ന് വർഷം ക്ലർക്ക്, വില്ലേജ് അസിസ്റ്റന്‍റ്, സീനിയർ ക്ലർക്ക്, സ്പെഷൽ വില്ലേജ് ഓഫിസർ തസ്തികകളിൽ സേവനം ചെയ്യണം. 2026 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ ഉള്ള സ്ഥാനക്കയറ്റത്തിനാണ് ഉത്തരവ് ബാധകം. വില്ലേജുകളിൽ ജോലി ചെയ്യാത്തവർക്ക് ഭൂമിയുടെ നികുതി പിരിക്കൽ, റവന്യൂ ഭൂമി വീണ്ടെടുക്കൽ, ക്രയവിക്രയം, പരിപാലനം, കൈമാറ്റം, കൈയേറ്റം തടയൽ, ഫീൽഡ് വർക്ക് തുടങ്ങിയ കാര്യങ്ങളിൽ പരിചയമില്ലെന്നാണ് വകുപ്പിന്‍റെ കണ്ടെത്തൽ.

ഇത് റവന്യൂ വിഭാഗത്തിന്‍റെ സുഗമമായ നടത്തിപ്പിനും നിയമതടസ്സങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നു. കൂടാതെ നേരിട്ട് ഇത്തരം ഉയർന്ന തസ്തികകളിൽ എത്തുന്നത് ജീവനക്കാർക്ക് മാനസിക സമ്മർദമുണ്ടാക്കാനും സാധ്യതയുണ്ട്.

സംഘടന നേതാക്കൾ വില്ലേജ് ഓഫിസുകളിൽ ജോലി ചെയ്യാതെ ട്രൈബ്യൂണലുകളിലെ റവന്യൂ ഇൻസ്പെക്ടർ, സ്പെഷൽ റവന്യൂ ഇൻസ്പെക്ടർ, ഹെഡ് ക്ലർക്ക് തസ്തികകളിലിരുന്ന് ഡെപ്യൂട്ടി തഹസിൽദാർ, തഹസിൽദാർ സ്ഥാനങ്ങളിൽ എത്തുന്നതായി ആക്ഷേപമുണ്ട്.

ഇതോടെ ഇത്തരക്കാർക്ക് തിരക്ക് പിടിച്ച ജോലിയുള്ള വില്ലേജിൽ പോയി സേവനം നടത്തേണ്ടി വരും. വില്ലേജിൽ ജോലി ചെയ്യാതെ ഡെപ്യൂട്ടി തഹസിൽദാരായി സ്ഥാനക്കയറ്റം ലഭിച്ച നിരവധി പേരുണ്ട്.

റവന്യുവകുപ്പിൽ ക്ലർക്ക് തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്ന ഒരാൾക്ക് സ്ഥാനക്കയറ്റം വഴി ഡെപ്യൂട്ടി കലക്ടർ പദവിവരെ എത്താനാകും.

Tags:    
News Summary - Deputy Tehsildar, Village Officer promotion; Should work in village offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.