തിരുവനന്തപുരം: ബ്ലോക്ക് കമ്മിറ്റി പുനഃസംഘടനയിൽ മതിയായ കൂടിയാലോചന ഉണ്ടായില്ലെന്ന പരാതിയുമായി എ, ഐ ഗ്രൂപ്പുകൾ പ്രതിഷേധം കടുപ്പിച്ചിട്ടും ശേഷിക്കുന്ന പുനഃസംഘടനയുമായി മുന്നോട്ടുപോകാൻ ഉറച്ച് സംസ്ഥാന കോൺഗ്രസ് നേതൃത്വം.
ബ്ലോക്ക് പുനഃസംഘടന പൂർത്തിയായതിന് പിന്നാലെ മുൻ തീരുമാനപ്രകാരം മണ്ഡലം കമ്മിറ്റി പുനഃസംഘടനയിലേക്കാണ് നേതൃത്വം ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. പുതിയ മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക ജൂൺ 15നകം കെ.പി.സി.സിയിൽ എത്തിക്കാൻ നേതൃത്വം ഡി.സി.സികളോട് നിർദേശിച്ചു.മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന ജില്ലതലത്തിൽ നടത്താനാണ് നേതൃത്വം നിർദേശിച്ചിട്ടുള്ളത്. ജില്ലതല ചർച്ചകളിൽ ഒറ്റപ്പേരിലേക്ക് എത്തുന്ന പ്രസിഡന്റുമാരെ അതത് ഡി.സി.സി പ്രസിഡന്റുമാർതന്നെ പ്രഖ്യാപിക്കും.
തീരുമാനമെടുക്കാൻ കഴിയാത്ത മണ്ഡലങ്ങളുടെ പട്ടിക തർക്കമുള്ള പേരുകളുകൾ ഉൾപ്പെടുത്തി 15നകം കെ.പി.സി.സിക്ക് കൈമാറണം.
ജില്ലകൾ കൈമാറുന്ന കരട് പട്ടിക കെ.പി.സി.സിയുടെ ഏഴംഗ ഉപസമിതി പരിശോധിക്കും. അവർക്കും തീരുമാനമെടുക്കാൻ കഴിയാത്തവ മാത്രം കെ.പി.സി.സി പ്രസിഡന്റിന്റെ പരിഗണനക്ക് കൈമാറും. തുടർന്ന് പ്രസിഡന്റ് പ്രതിപക്ഷനേതാവുമായി കൂടിയാലോചിച്ച് അന്തിമ തീരുമാനമെടുക്കും.
അതിനിടെ, ബ്ലോക്ക് കമ്മിറ്റി പുനഃസംഘടനയിൽ മതിയായ കൂടിയാലോചന ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രതിഷേധം ശക്തമാക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. സംസ്ഥാന നേതൃത്വത്തിന്റെ സമീപനത്തിനെതിരെ ഒരുമിച്ച് ഹൈകമാൻഡിനെ സമീപിക്കുന്നതും ഗ്രൂപ്പുകൾ പരിഗണിക്കുന്നുണ്ട്.
ബ്ലോക്ക് പുനഃസംഘടന അന്തിമമാക്കുംമുമ്പ് മുൻ കെ.പി.സി.സി പ്രസിഡന്റുമാരുമായി ആശയവിനിമയം നടത്തണമെന്ന ധാരണ നേതൃത്വം അവഗണിച്ചതാണ് ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. ഇക്കാര്യങ്ങളുൾപ്പെടെ പാർട്ടിയിലെ സമീപകാല സംഭവങ്ങൾ എ ഗ്രൂപ്പ് നേതാക്കളായ എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബെഹനാൻ എന്നിവർ ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ബുധനാഴ്ച നേരിട്ട് കണ്ട് ധരിപ്പിച്ചു. ഇവർ മടങ്ങിവന്നശേഷം സഹപ്രവർത്തകരുമായും രമേശ് ചെന്നിത്തല ഉൾപ്പെടെ നേതാക്കളുമായും കൂടിയാലോചിച്ച് തുടർനീക്കങ്ങളിൽ ധാരണയുണ്ടാക്കും. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിൽകണ്ട് പരാതി അറിയിക്കാനാണ് നീക്കം. എന്നാൽ, കൂടിയാലോചനകൾ നടത്തിയാണ് മുന്നോട്ടുപോകുന്നതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സംസ്ഥാന നേതൃത്വം. ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ കുറ്റപ്പടുത്താൻ ആർക്കും കഴിയാത്തത് ഇതിനാലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.