തൃശൂർ: കോടതിയിൽ നൽകിയ കേസ് ഡയറിയിൽ ബി.ജെ.പി ബന്ധം വ്യക്തമാക്കിയിരിക്കെ, കൊടകര കുഴൽപണക്കവർച്ച കേസിൽ നേതാക്കളെ എവിടെ ഉൾപ്പെടുത്തണമെന്നത് അന്വേഷണസംഘത്തിന് കുരുക്കാകുന്നു. കൊണ്ടുവന്നത് കുഴൽപണമാണെങ്കിലും വാഹനാപകടമുണ്ടാക്കി കാറിൽനിന്ന് 25 ലക്ഷം കവർന്നെന്ന പരാതിയിലാണ് കുറ്റപത്രം തയാറാകുന്നത്.
പണം കർണാടകയിൽനിന്ന് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുവന്നതാണെന്നും കമീഷൻ ലഭിക്കുമെന്നും നേതാക്കളുടെ അറിവോടെയാണ് ഇതെന്നുമാണ് കോഴിക്കോട് സ്വദേശി ധർമരാജന്റെ മൊഴി പ്രകാരം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്. ധർമരാജൻ ബി.ജെ.പി നേതാക്കളെ വിളിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് സംഘടന സെക്രട്ടറി എം. ഗണേശൻ മുതൽ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ വരെയുള്ളവരെ ചോദ്യം ചെയ്തത്.
എന്നാൽ, തെരഞ്ഞെടുപ്പ് സാമഗ്രികളുടെ ചുമതലയുള്ള ധർമരാജനുമായി ബന്ധമുണ്ടെന്നും പണമിടപാടിൽ ബന്ധമില്ലെന്നുമാണ് ഇവരെല്ലാം നൽകിയ മൊഴി. പൊലീസ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലും ഹൈകോടതിയിലും നൽകിയ റിപ്പോർട്ടിൽ പണം കടത്തിയതിലെ ബി.ജെ.പി ബന്ധം വ്യക്തമാക്കിയിട്ടുണ്ട്.
ധർമരാജനും സംഘത്തിനും തൃശൂരിൽ മുറിയെടുത്ത് നൽകിയത് ബി.ജെ.പി ഓഫിസിൽനിന്ന് വിളിച്ചറിയച്ചതനുസരിച്ചായിരുന്നെന്നതിന് തെളിവും മൊഴിയും ലഭിച്ചിരുന്നു.
കവർച്ചക്ക് പിന്നാലെ സ്ഥലത്ത് മേഖല സെക്രട്ടറിയും ജില്ല ട്രഷററുമെത്തുകയും ജില്ല പ്രസിഡൻറ് പ്രതികളുമായി ഓഫിസിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തതിനും മൊഴികളുണ്ട്. ഇതിനാലാണ് ബി.ജെ.പി നേതാക്കൾെക്കതിരെ തെളിവ് നശിപ്പിക്കലും ഗൂഢാലോചനയും ചുമത്തുന്ന കാര്യം പരിശോധിക്കുന്നത്. പണം കവർന്നത് പാർട്ടിതന്നെ ഏർപ്പെടുത്തിയ മറ്റൊരു ക്വട്ടേഷൻ ടീമാണെന്നാണ് അറസ്റ്റിലായ പ്രതികൾ കോടതിയെ അറിയിച്ചത്.
കവർച്ചക്കേസിൽ നിലവിൽ പങ്കില്ലെങ്കിലും പണം കടത്തിലും കൂടിക്കാഴ്ചകളിലുമെല്ലാം ബി.ജെ.പി നേതാക്കൾക്ക് ബന്ധമുണ്ടെന്നതിനാൽ അവരെ ഒഴിവാക്കാനാവില്ല. കുഴൽപണക്കടത്തിന് അന്തർ സംസ്ഥാന ബന്ധമുണ്ടെന്നും കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.