സ്വർണ്ണക്കടത്ത്; ഭരണ-രാഷ്ട്രീയ ബന്ധങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന ഞെട്ടിക്കുന്ന സ്വർണ്ണക്കടത്തു സംഭവത്തിലെ ഭരണ-രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പോലീസ് തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപങ്കാളിയെന്ന് പറയുന്ന അര്‍ജുന്‍ ആയങ്കിയുടെ സിപിഎം ബന്ധത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നു വന്നിരിക്കുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അർജുൻ ആയങ്കി ഉപയോഗിച്ച കാർ കസ്റ്റംസും എത്തുന്നതിന് മുമ്പ് തന്നെ അപ്രത്യക്ഷമായത് കൂടുതൽ ദുരൂഹത ഉയർത്തുന്നതാണ്.

സി.പി.എമ്മിലെ ഉന്നത നേതാക്കളുമായുള്ള പ്രതികളുടെ ബന്ധവും എകെജി സെൻറിനു മുന്നിലെ ചിത്രങ്ങളും പുറത്തുവന്ന സാഹചര്യത്തിൽ സ്വർണക്കടത്തിനെ കുറിച്ച് പ്രതികരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണം.

അർജുൻ ആയങ്കിക്ക് സ്വർണ്ണക്കടത്തു സംഘങ്ങളുമായുള്ള ബന്ധം തെളിയിക്കുന്ന ശബ്ദസന്ദേശങ്ങളും സിപിഎം പ്രാദേശിക നേതാവിന്റെ പേരിലുള്ള കാർ ഉപയോഗിച്ചതിനുള്ള തെളിവും പുറത്തു വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവണം. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിന്‍റെ ഇടപെടലുകൾ സംബന്ധിച്ച ആരോപണങ്ങൾ കഴിഞ്ഞ മന്ത്രിസഭ മുതൽ തന്നെ സജീവമാണ്. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ ബന്ധം പുറത്തു വന്നതാണ്. അതുമായി ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താത്ത സാഹചര്യമാണ് നിലവിലുള്ളത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ ഭരണ രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾ ഉണ്ടാകുന്നത് ഭരണത്തിലെ മാഫിയ സംഘങ്ങളുടെ സ്വാധീനമാണ് തെളിയിക്കുന്നത്. ബി.ജെ.പിയുടെ കുഴൽപ്പണ ഇടപാട് സംബന്ധിച്ചുള്ള ചർച്ചകൾ പെട്ടെന്ന് നിലച്ചതും ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - detailed inquiry should be made into the administrative-political relations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.