1. വെള്ളക്കെട്ടിൽ വീണ് മരിച്ച മട്ടന്നൂർ കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിന 2. കനത്ത മഴയില്‍ കണ്ണൂർ പഴയ സ്റ്റാൻഡ് പരിസരത്തെ റെയില്‍വേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ട്

കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചു

കണ്ണൂർ: രണ്ട് ദിവസമായി കനത്ത മഴക്കിടെ മട്ടന്നൂരിൽ വെള്ളക്കെട്ടിൽ വീണ് 51കാരി മരിച്ചു. കോളാരി ഷഫീനാസ് മൻസിലിൽ കുഞ്ഞാമിനയാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വെള്ളക്കെട്ടിനടിയിലുണ്ടായിരുന്ന ആൾമറയില്ലാത്ത കിണറ്റിൽ വീണാണ് അപകടമുണ്ടായത്. കുഞ്ഞാമിനയെ കാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ മൃതദേഹം ലഭിക്കുകയായിരുന്നു.

ഇടമുറിയാതെ പെയ്യുന്ന മഴയിൽ ജില്ലയിൽ വൻ നാശനഷ്ടമാണ് നേരിടുന്നത്. പയ്യന്നൂർ താലൂക്കിൽ 10 വീടുകൾ തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി. പയ്യന്നൂർ നഗരസഭ, ഏഴോം, മാടായി വില്ലേജുകളിലാണ് വീടുകളും കൃഷികളും നശിച്ചത്. കനത്ത മഴയില്‍ കണ്ണൂർ പഴയ സ്റ്റാൻഡ് പരിസരത്തെ റെയില്‍വേ അടിപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

മുഴക്കുന്ന് ഊവ്വാപ്പള്ളിയിൽ ടി.എ. കുഞ്ഞാമിനയുടെ വീട്ടുമുറ്റത്ത് വിള്ളലുണ്ടായി. വീടിന് സമീപത്തായി മീറ്ററോളം ദൂരത്തിൽ വലിയ ഗർത്തവും ഉണ്ടായിട്ടുണ്ട്. മഴ കനത്തതോടെ വിള്ളൽ വലുതായിവരുന്നത് വീട്ടുകാരെ ഭീതിയിലാക്കുകയാണ്.

അയ്യൻകുന്ന് മുരിക്കുംകരിയിൽ കുന്നിൽനിന്ന് കൂറ്റൻ പറ ഇളകി വീട് അപകടഭീഷണിയിലായി. ബാവലി, ബാരാപോൾ പുഴകളിൽ ഉൾപ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു.

കോടിയേരിയിൽ കൂറ്റൻ മരക്കൊമ്പ്‌ പൊട്ടിവീണ്‌ വീടിന്‌ നാശമുണ്ടായി. ശക്തമായ മഴയെ തുടർന്ന് ഗോപാലപ്പേട്ടയിൽ കുടുംബം വെള്ളക്കെട്ട് ഭീഷണിയിലായി. എക്കണ്ടിവളപ്പിൽ കുഞ്ഞിപ്പുരയിൽ ജിജേഷിന്റെ വീടാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്. ചോയ്യാടത്ത്‌ വീടിനോടു ചേർന്ന കിണർ ഇടിഞ്ഞുതാഴ്‌ന്നു.

മീത്തലെ പുന്നാട് മഴയിൽ വീട് ഭാഗികമായി തകർന്നു. ഇരിട്ടി-പേരാവൂർ റൂട്ടിൽ പയഞ്ചേരിയിലും ഊവ്വാപ്പള്ളിയിലും റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.

മേഖലയിൽ ചെറുതോടുകളിലും അരുവികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മൊറാഴ സി.എച്ച് നഗറിലെ പി. നാരായണിയുടെ വീടിനു മുകളിൽ തെങ്ങ് വീണ് ഭാഗികമായി തകർന്നു. ഞായറാഴ്ചയുണ്ടായ കാറ്റിലും മഴയിലും ഈ പ്രദേശത്തെ നിരവധി മരങ്ങൾ കടപുഴകി ഇലക്ട്രിക് പോസ്റ്റും തകർന്നിരുന്നു. കണ്ണൂർ നഗരപ്രദേശത്തെ കക്കാട് പുഴ കരകവിഞ്ഞൊഴുകി. വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. കാൽനടക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

പയ്യാവൂർ പൈസക്കരി റോഡിൽ കാലിക്കണ്ടി ഭാഗത്ത് വൈദ്യുതി ലൈനിൽ റബർ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

കൊട്ടിയൂർ-വയനാട് ചുരം പാതയിൽ മണ്ണിടിച്ചിൽ ഭീഷണി

കേളകം: അന്തർ സംസ്ഥാന പാതയായ കൊട്ടിയൂർ -വയനാട് ബോയ്സ് ടൗൺ റോഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി. പാൽചുരം ചെകുത്താൻ തോടിനു സമീപത്താണ് നേരിയ മണ്ണിടിച്ചിലുണ്ടായത്. ചുരം ഡിവിഷന്റെ കീഴിൽ വരുന്ന പാതയിൽ വിവിധയിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് പാതയിലേക്ക് പതിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാണ്.

നിരന്തരം മണ്ണിടിയുന്ന പാതയിൽ യാത്ര ഭീതിയുടെ നിഴലിലാണ്. മുൻവർഷങ്ങളിൽ പാതയുടെ വിവിധയിടങ്ങളിൽ പാറയിടിച്ചിലും ഉണ്ടായിട്ടുണ്ട്. ഒരുവശം ചെങ്കുത്തായ മലനിരകളും മറുഭാഗം അഗാധ ഗർത്തവുമായ പാതയിൽ യാത്രക്കാർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചെകുത്താൻ തോടിന് സമീപവും ആശ്രമം വളവിന് സമീപവും ഉൾപ്പെടെ നേരിയ തോതിൽ മണ്ണിടിച്ചിലും വിള്ളലുകളും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സമീപവാസികളും പറയുന്നു. പാറയിടിച്ചിലുണ്ടാകാൻ സാധ്യതയുള്ളതായും ജാഗ്രത വേണമെന്നും അറിയിച്ച് പാതയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

Tags:    
News Summary - Heavy rain: Woman dies in water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.