സർക്കാർ ഒന്നും ചെയ്യാത്തതു കൊണ്ടാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ ദുരന്തമുണ്ടായതെന്ന് വി.ഡി. സതീശൻ

സുല്‍ത്താന്‍ ബത്തേരി: സർക്കാർ ഒന്നും ചെയ്യാത്തതു കൊണ്ടാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ ദുരന്തമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷം വിമര്‍ശിക്കുമ്പോള്‍ മന്ത്രിമാര്‍ക്ക് പൊള്ളും. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധർമം. ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയ് എന്ന തൊഴിലാളി വീണപ്പോള്‍ പ്രതിപക്ഷം വിമര്‍ശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി. പക്ഷെ പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചത് അപ്പോഴല്ല. മഴക്കാലപൂര്‍വ ശുചീകരണം നടന്നിട്ടില്ലെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നെന്നും അതീവ ഗൗരവത്തോടെ പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്.

അന്ന് ഈ മന്ത്രി എന്ത് ഉത്തരമാണ് നല്‍കിയത്? ഇപ്പോള്‍ അതേ മന്ത്രി എന്താണ് പറയുന്നത്? പ്രതിപക്ഷമാണോ വിവാദമുണ്ടാക്കിയത്? ജോയിയുടെ തിരോധനത്തോടെ തിരുവനന്തപുരം കോര്‍പറേഷനും റെയില്‍വെയും ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റും തമ്മില്‍ അടി തുടങ്ങി. കോര്‍പറേഷനും റെയില്‍വെയും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ പരിഹരിക്കേണ്ടത് കോര്‍പറേഷനാണ്. ജോയിയെ രക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്ര സഹായത്തോടെ ടണ്‍ കണക്കിന് മാലിന്യങ്ങളാണ് നീക്കിയത്. അപ്പോള്‍ ഇവര്‍ വിചാരിച്ചാല്‍ മാലിന്യങ്ങള്‍ മാറ്റാന്‍ സാധിക്കുമായിരുന്നു. ആമയിഴഞ്ചാന്‍ തോട്ടില്‍ റെയില്‍വെയുടെ സ്ഥലത്ത് മാത്രമല്ല മാലിന്യമുള്ളത്. ജോയിയുടെ മൃതദേഹം കണ്ടെത്തിയ തകരപ്പറമ്പ് മാലിന്യക്കൂമ്പാരമാണ്. ആ സ്ഥലം റെയില്‍വെയുടെയല്ല കോര്‍പറേഷന്‍ പരിധിയിലുള്ള സ്ഥലമാണ്.

തിരുവനന്തപുരത്തെ 1039 ഓടകളില്‍ 839 എണ്ണത്തിന്റെ ശുചീകരണം കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. എവിടെയാണ് ഓട വൃത്തിയാക്കിയത്. ഒന്നും ചെയ്തില്ല. പെരുമാറ്റച്ചട്ടം കാരണം യോഗം നടത്താന്‍ പറ്റിയില്ലെന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. മന്ത്രിമാരും എം.എല്‍.എമാരും യോഗം ചേരുന്നതിന് മാത്രമെ പെരുമാറ്റച്ചട്ട വിലക്കുള്ളൂ. മഴക്കാലവും തിരഞ്ഞെടുപ്പുമൊക്കെ വരുമെന്ന് സര്‍ക്കാരിന് അറിയില്ലായിരുന്നോ?

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് മഴക്കാല പൂര്‍വശുചീകരണം നടത്തേണ്ടതായിരുന്നു. ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയാറായില്ല. ഒരു രാത്രി മുഴുവന്‍ മഴ പെയ്താല്‍ തിരുവനന്തപുരം വെള്ളത്തിനടിയിലാകും. യു.ഡി.എഫ് കാലത്ത് തുടങ്ങിവച്ച ഓപ്പറേഷന്‍ അനന്ത മുന്നോട്ട് കൊണ്ടു പോകാന്‍ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്. ഇവര്‍ക്ക് ഒരു പണിയും ചെയ്യാന്‍ താല്‍പര്യമില്ല. എന്നിട്ടും വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്.

നിയമസഭയില്‍ എന്റെ നേരെ പ്രതിപക്ഷ നേതാവ് കൈ ചൂണ്ടി സംസാരിച്ചെന്നാണ് ഒരു മന്ത്രി പരാതിപ്പെട്ടത്. കൈ ചൂണ്ടി സംസാരിക്കാന്‍ പാടില്ലേ? വിരല്‍ ചൂണ്ടാനുള്ളതു കൂടിയാണ്. മന്ത്രിയുടെ മുഖത്ത് മാത്രമല്ല മുഖ്യമന്ത്രിയുടെ മുഖത്തിന് നേരെയും വിരല്‍ ചൂണ്ടി സംസാരിക്കും. രാഷ്ട്രീയമായി വിമര്‍ശിച്ചെന്നതാണ് മറ്റൊരു മന്ത്രിയുടെ പരാതി. ഇവരൊക്കെ വിമര്‍ശനത്തിന് അതീതരാണോ.

പിണറായി വിജയന് പഠിക്കുകയെന്നതാണ് എം.ബി. രാജേഷിന് അടുത്തിടെയായുള്ള അസുഖം. പിണറായിയെ പോലെയാണെന്നും വിമര്‍ശനത്തിന് അതീതനുമാണെന്ന തോന്നല്‍ വന്നു തുടങ്ങി. തെറ്റു ചെയ്താല്‍ വിമര്‍ശിക്കുക തന്നെ ചെയ്യും. അധികാരത്തില്‍ ഇരിക്കുന്നവര്‍ തെറ്റു ചെയ്താല്‍ വിമര്‍ശിക്കപ്പെടും. അതു മനസിലാക്കി സഹിഷ്ണുതയോടെ പെരുമാറി കാര്യങ്ങള്‍ ചെയ്യണം. സര്‍ക്കാര്‍ എന്തെങ്കിലും ചെയ്താല്‍ അഭിനന്ദിക്കാം. അതിനൊരു അവസരം താ.

യോഗം ചേരാന്‍ പറ്റാത്തതു കൊണ്ട് മഴക്കാലപൂര്‍വ ശുചീകരണം ഉപേക്ഷിക്കുകയാണോ വേണ്ടത്? യോഗം ചേര്‍ന്നില്ലെങ്കില്‍ ഉദ്യോഗസ്ഥതലത്തില്‍ സംവിധാനം ഒരുക്കണമായിരുന്നു. തദ്ദേശ സെക്രട്ടറിക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കുമെല്ലാം യോഗം ചേരാമായിരുന്നല്ലോ? യോഗം നടക്കാത്തതു കൊണ്ട് മഴക്കാലപൂര്‍വ ശുചീകരണം നടത്താനായില്ലെന്ന വാദം പുറത്തു പറയാന്‍ കൊള്ളാത്തതാണ്. ഇനിയെങ്കിലും യോഗം വിളിച്ച് ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിച്ചാല്‍ പ്രതിപക്ഷം അതിനെ അനുകൂലിക്കും. പക്ഷെ തെറ്റ് തെറ്റ് തന്നെയാണ്.

പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ പടര്‍ന്ന് പിടിക്കുന്നുവെന്ന് നിയമസഭയില്‍ പറഞ്ഞപ്പോള്‍ മഴ പെയ്യുമ്പോള്‍ പകര്‍ച്ചവ്യാധികള്‍ വരുമെന്നും ഇതിന് മുന്‍പും വന്നിട്ടുണ്ടെന്നുമാണ് ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. പൊതുജനാരോഗ്യ വിദഗ്ധരായ ഡോ. ഇക്ബാലും ഡോ. എസ്.എസ് ലാലും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച അതേ കാര്യമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷെ അതിന് തയാറാകുന്നില്ല.

ഒരു മെഡിക്കല്‍ കോളജില്‍ ആറാം വിരലിന് പകരം നാവില്‍ ഓപ്പറേഷന്‍ നടത്തി മറ്റൊരിടത്ത് രണ്ട് രാത്രിയും ഒരു പകലും ഒരാള്‍ ലിഫ്റ്റില്‍ കുടുങ്ങി. ഈ മന്ത്രി വന്നതിന് ശേഷം നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചേര്‍ത്താല്‍ വലിയൊരു പുസ്തകമാക്കാം. കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന പ്രതിപക്ഷ ആരോപണത്തിന് എല്ലാദിവസും മന്ത്രിമാര്‍ തന്നെ അടിവരയിടുകയാണ്.

സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ നേരിട്ടതിനേക്കാള്‍ മികച്ച രീതിയില്‍ തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകളെ നേരിടാനും സംഘടാനാ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ശക്തിപ്പെടുത്താനും ഇരു സര്‍ക്കാരുകള്‍ക്കുമെതിരായ പോരാട്ടം മുന്നോട്ടു കൊണ്ടു പോകാനുമുള്ള തീരുമാനം കെ.പി.സി.സി ക്യാമ്പ് എക്‌സിക്യൂട്ടീവിലുണ്ടാകും. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ എല്ലാവരുമായും കൂടിയാലോചിച്ച് ഒരു ടീം ആയി മുന്നോട്ടു പോകുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - V. D. Satheesan said that the tragedy happened in Amayizhanchan river because nothing was done.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.