തിരുവനന്തപുരം: മുന്നാക്ക സംവരണ വിവാദം കത്തിനിൽക്കുന്നതിനിടെ ദേവസ്വം ബോർഡുകളിൽ 1000ലേറെ നിയമനങ്ങൾക്ക് നടപടി തുടങ്ങി. രണ്ടു തസ്തികകളിലെ 36 ഒഴിവുകളുടെ ഒാൺലൈൻ വിജ്ഞാപനം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് തൈക്കാട് ഗെസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഒാൺലൈൻ റിക്രൂട്ട്മെൻറ് മാനേജ്മെൻറ് സിസ്റ്റം ‘ദേവജാലിക’യുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. സോഫ്റ്റ്വെയർ സംവിധാനം കാര്യക്ഷമമാവുന്നതോടെ മറ്റ് തസ്തികകളിലും ഉടൻ വിജ്ഞാപനമിറക്കും. 32ശതമാനം സംവരണം ഏർപ്പെടുത്തിയശേഷമുള്ള ആദ്യ നിയമനമാണിതെന്ന് കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ തീരുമാനിച്ച മുന്നാക്ക സംവരണം നടപ്പാകുന്ന മുറക്ക് പ്രാബല്യത്തിൽ വരുത്താനാണ് ദേവസ്വം ബോർഡ് തീരുമാനം. മുന്നാക്ക വിഭാഗക്കാർക്കായി 10ശതമാനം സാമ്പത്തിക സംവരണമാണ് സർക്കാർ നിശ്ചയിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ എൻജിനീയർ (സിവിൽ) ഏഴ്, ഒാവർസിയർ 29 എന്നീ തസ്തികളിലാണ് ബുധനാഴ്ച വിജ്ഞാപനമിറക്കുക. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലായി 1000ലേറെ ഒഴിവുകളിലേക്കാണ് ഉടൻ നിയമനം നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ക്ലറിക്കൽ തസ്തികയിൽ മാത്രം 196 പേരുടെ ഒഴിവുണ്ട്. കൊച്ചിൻ ബോർഡിൽ 70ഉം ഒഴിവുണ്ട്. മലബാർ ബോർഡിൽ എക്സിക്യൂട്ടിവ് ഒാഫിസർ ഗ്രേഡ് തസ്തികയിൽ 40 ഒഴിവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.