ശബരിമല തീർഥം തുടച്ചു കളഞ്ഞ ദേവസ്വം മന്ത്രി ഭക്​തരെ നിന്ദിച്ചു -കെ. ബാബു എം.എൽ.എ

മരട്: ശബരിമല അയ്യപ്പന്‍റെ ശ്രീകോവിലിൽനിന്ന്​ തീർഥം കൈനീട്ടി വാങ്ങിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, സാനിറ്റൈസർ പോലെ അത്​ തുടച്ചു താഴെ കളഞ്ഞത് ഉചിതമായില്ലെന്ന് കെ. ബാബു എം.എൽ.എ. കോടിക്കണക്കിന് വിശ്വാസികളെ അപമാനിക്കുന്ന ദേവനിന്ദയാണിത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരാൾ ദേവസ്വം മന്ത്രിയായി തുടരണോയെന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ഭക്തജനങ്ങൾ ഏറെ ഭവ്യതയോടെ പ്രാർഥനാപൂർവമാണ് തീർഥജലം വാങ്ങി സേവിക്കുന്നത്. വിശ്വാസമില്ലാത്തവർ ശ്രീകോവിലിനു മുമ്പിൽ പോകരുതായിരുന്നു. അഥവാ പോയാൽ തന്നെ തീർഥം വിതരണം ചെയ്യുമ്പോൾ മാറി നിൽക്കണമായിരുന്നു. വിശ്വാസമില്ലാത്തവർ ഇനിയെങ്കിലും ശ്രീകോവിലിനു മുമ്പിൽ ചെല്ലാതിരിക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും. അവിശ്വാസികൾ ഭക്തജനങ്ങളുടെ മുൻപിൽ ചെന്ന് ആചാരങ്ങളെ നിന്ദിക്കുന്നത് ഒരു മതവിഭാഗക്കാരും സഹിക്കില്ല. പരിശുദ്ധ ഹജ്ജിനും ഉംറക്കും പോയവർ സംസം ജലം കൊണ്ടുവന്നു സൂക്ഷിക്കുകയും സേവിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ്. ഇത് മതമൗലികവാദമല്ല. ഈശ്വര വിശ്വാസിയല്ലാത്ത രാധാകൃഷ്ണൻ ദേവസ്വം വകുപ്പിന്‍റെ ചുമതലയിൽ തുടരണോയെന്ന് തീരുമാനിക്കാനുള്ള സമയമാണിത്​'' -കെ. ബാബു പ്രസ്​താവനയിൽ പറഞ്ഞു.

മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നപ്പോൾ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വംമന്ത്രി കൈ കൂപ്പാതിരുന്നതും തീർഥം കുടിക്കാതിരുന്നതിനും എതിരെ വൻ വിമർശനം ഉയർന്നിരുന്നു. സി.പി.എം നേതാവ് കൂടിയായ ദേവസ്വം പ്രസിഡന്‍റ്​ ആചാരം പാലിച്ചിട്ടും മന്ത്രി അങ്ങനെ ചെയ്തില്ല എന്നായിരുന്നു വിമർശകർ ചൂണ്ടികാട്ടിയത്. ഇതിന്‍റെ വിഡിയോ ചർച്ചയായതോടെ മന്ത്രി കെ. രാധാകൃഷൻ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

''സാധാരണ ഞാനെന്‍റെ അമ്മയെ തൊഴാറില്ല. എല്ലാ ദിവസവും നിങ്ങളാരെങ്കിലും നിങ്ങടെ അമ്മയെ തൊഴാറുണ്ടോ?. എന്നുവെച്ച് അമ്മയോട് ബഹുമാനമില്ലാതാകുമോ?. ഞാന്‍ ചെറുപ്പം തൊട്ട് ശീലിച്ച ഒരുപാട് ശീലങ്ങളുണ്ട്. ഞാനീ വെള്ളമൊന്നും കുടിക്കാറില്ല (തീർഥജലം). ഞാനെന്‍റെ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാത്തതുണ്ട്. ഒരുപാട് കാര്യങ്ങള്‍ കഴിക്കാത്തതുണ്ട്. അതിപ്പോ വിശ്വാസത്തിന്‍റെ പേരില്‍ കഴിക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തയാറാവില്ല. അതാണ് അതിന്‍റെ വിഷയം. എനിക്കെന്‍റെ വിശ്വാസമുണ്ട്, അതനുസരിച്ച് നിങ്ങടെ വിശ്വാസം മോശമാണെന്ന് ഞാന്‍ പറയില്ല. നിങ്ങടെ വിശ്വാസത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകുമെന്ന് തെളിവുണ്ട്. ദൈവത്തെ കക്കുന്നവന്‍ മാത്രം പേടിച്ചാല്‍ മതി. ഒരു പൈസ പോലും എനിക്ക് വേണ്ട, ഒരു ചായ പോലും വേണ്ട. എനിക്ക് പേടിയില്ല, ഞാന്‍ കക്കുന്നില്ല'' -എന്നായിരുന്നു ഇതേക്കുറിച്ച്​ മന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - Devaswom Minister K Radhakrishnan insults devotees says k Babu MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.