കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ (റിസ) ദീര്‍ഘിപ്പിക്കാൻ ഭൂമി ഏറ്റെടുക്കുന്നത് സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. ഇതിന്റെ ഭാഗമായാണ് വീട് നഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് തദ്ദേശീയര്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുമെന്നും മന്ത്രി അറിയിച്ചു. വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്കും മരങ്ങള്‍, കിണറുകള്‍ തുടങ്ങിയവക്കെല്ലാം നിലവിലെ മാനദണ്ഡപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുന്നതിനൊപ്പം വീട് നഷ്ടമാകുന്നവര്‍ക്ക് പുനരധിവാസത്തിന് നേരത്തേ നിശ്ചയിച്ചിരുന്ന 4.6 ലക്ഷം രൂപ 10 ലക്ഷമാക്കി വര്‍ധിപ്പിച്ചാണ് പുതിയ പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറങ്ങിയത് മുതല്‍ ഏറ്റെടുക്കുന്ന ദിവസം വരെ 12 ശതമാനം പലിശയും ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ലഭ്യമാകും.
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളത്തിന്റെ നിലനില്‍പ്പ് അനിവാര്യമായതിനാലാണ് പ്രത്യേക പാക്കേജിന് രൂപം നല്‍കിയത്. നേരത്തേ നിശ്ചയിച്ച തുക വര്‍ധിപ്പിക്കണമെന്ന് സമരസമിതിയും പ്രദേശവാസികളും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. ജനകീയ വികാരം കണക്കിലെടുത്താണ് തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും സെപ്റ്റംബര്‍ 15നകം തന്നെ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
റണ്‍വേ സുരക്ഷ മേഖല വര്‍ധിപ്പിക്കാന്‍ 14.5 ഏക്കര്‍ സ്ഥലം വിട്ടുനല്‍കണമെന്നും അല്ലെങ്കിൽ റണ്‍വേയുടെ നീളം കുറച്ച് സുരക്ഷ മേഖല വര്‍ധിപ്പിക്കുമെന്നുമായിരുന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നത്. റണ്‍വേയുടെ നീളം കുറക്കുന്നത് വലിയ വിമാനങ്ങളുടെ സര്‍വിസിനെ ബാധിക്കുകയും വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമെന്നുമുള്ള വിലയിരുത്തലിലാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലേക്ക് പ്രവേശിച്ചത്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് വിമാനത്താവളത്തിന്റെ നിലനില്‍പ്പിന് കരുത്താകുമെന്ന വിലയിരുത്തലുകളുമായി ജനപ്രതിനിധികളടക്കം കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. എന്നാല്‍, വസ്തുവകകള്‍ക്കുള്ള വില നിശ്ചയിക്കുന്നതില്‍ ഇരകളെ വിശ്വാസത്തിലെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നാണ് കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതി വ്യക്തമാക്കിയത്.
പള്ളിക്കല്‍ വില്ലേജില്‍നിന്ന് ഏഴ് ഏക്കറും നെടിയിരുപ്പ് വില്ലേജില്‍നിന്ന് 7.5 ഏക്കറും ഉള്‍പ്പെടെ 14.5 ഏക്കര്‍ സ്ഥലമാണ് റിസ വിപുലീകരണത്തിനായി ഏറ്റെടുക്കുന്നത്. ഇത്രയും ഭാഗത്തായി 64 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമാകും. പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ആശങ്ക ദൂരീകരിക്കാതെയുള്ള സ്ഥലമേറ്റെടുപ്പ് തടയുമെന്ന നിലപാടിലാണ് സമരസമിതി ഭാരവാഹികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.