വടകര: ഇടതു സർക്കാർ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുവരുന്നത് അപകടകരമാണെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ. വികസനം ജനങ്ങളുമായി ചർച്ചചെയ്യേണ്ടത് യാഥാർഥ്യമാകുന്നതിനു മുമ്പാണ്. വികസനം അടിത്തട്ടിലെ ജനങ്ങളെ സംരക്ഷിക്കുന്നതും പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതുമാകണം. മാധ്യമപ്രവർത്തകൻ ഐ.വി. ബാബുവിന്റെ രണ്ടാംചരമവാർഷിക ദിനം വടകരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
മഹാരാഷ്ട്ര-അഹ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ ഇടതുപക്ഷം ഞങ്ങളോടൊപ്പം സമരംചെയ്യുന്നവരാണ്. എന്നാൽ, കേരളത്തിൽ എന്തുകൊണ്ടാണ് സമാനമായ പദ്ധതിക്ക് അവർ പച്ചക്കൊടി കാണിക്കുന്നതെന്ന് മേധ ചോദിച്ചു. അവിടെ സാമ്പത്തിക ആഘാതവും പാരിസ്ഥിതിക ആഘാതവുമുണ്ടാകുമെന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് കേരളത്തിൽ മറ്റൊരു നയം സ്വീകരിക്കുന്നത്? പ്രളയങ്ങളും ഓഖിപോലുള്ള പ്രകൃതിദുരന്തങ്ങളും നേരിട്ടവരാണ് കേരള ജനത.
അവർക്കിടയിലാണ് 140 കി. മീറ്ററിലേറെ നെൽവയലുകളും പുഴകളും ജലസ്രോതസ്സുകളും ഇല്ലാതാക്കി ഭീമൻ പദ്ധതി കൊണ്ടുവരുന്നത്. 153000 പേർ കോവിഡ് കാലത്ത് ആത്മഹത്യചെയ്ത നാടാണ് നമ്മുടേത്. ഓക്സിജൻ ലഭിക്കാതെ ജനങ്ങൾ മരിച്ചുവീഴുന്നു. ഇവിടെയാണ് ജനവിരുദ്ധമായ പദ്ധതി നടപ്പാക്കാൻ ജനാധിപത്യത്തിലൂടെ ഭരണത്തിലേറിയ സർക്കാർ തീരുമാനിക്കുന്നതെന്നും മേധ പട്കർ വ്യക്തമാക്കി.
പഞ്ചാബിലെ തെരഞ്ഞെടുപ്പിൽ മേധ പട്കറടക്കമുള്ളവർ തയാറാക്കിയ ഹരിത മാനിഫെസ്റ്റോ വി.ടി. ബൽറാമിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.