അടൂര്‍: ഏറത്ത് ഗ്രാമപഞ്ചായത്തില്‍ വികസനകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗമായ ശോഭന കുഞ്ഞുകുഞ്ഞിന് പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ വോട്ട് ചെയ്തില്ല. ഇതില്‍ പ്രതിഷേധിച്ച് ആരോഗ്യസ്ഥിരം സമിതി തെരഞ്ഞെടുപ്പ് ശോഭന ബഹിഷ്കരിച്ചു. ആദ്യം നടത്തേണ്ട ധനകാര്യ സ്ഥിരം സമിതി തെരഞ്ഞെടുപ്പിലേക്ക് വനിത സംവരണത്തില്‍ ആരും നാമനിർദേശം നല്കാത്തതിനാല് തിങ്കളാഴ്ചത്തെ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സി.പി.എമ്മില്‍നിന്ന് കോണ്‍ഗ്രസില്‍ ചേക്കേറി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗമായ മറിയാമ്മ തരകനെ സ്ഥിരം സമിതി അധ്യക്ഷയാക്കാന്‍ ഗ്രാമപഞ്ചായത്ത് മുന്‍പ്രസിഡൻറ് കൂടിയായ 15ാം വാര്‍ഡ് അംഗം ശോഭനക്ക് വോട്ട് ചെയ്യാതിരിക്കുകയായിരുന്നു. തിങ്കളാഴ്ച ധനകാര്യ സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്താതെ തന്നെ വികസനകാര്യ സമിതിയിലേക്ക് മറിയാമ്മയെ തെരഞ്ഞെടുത്തത് തന്നെ ഒഴിവാക്കാനായിരുന്നുവെന്ന് ശോഭന പറയുന്നു.
എല്‍.ഡി.എഫ് -എട്ട്, യു.ഡി.എഫ് -ആറ്, എന്‍.ഡി.എ -മൂന്ന് എന്നതാണ് ഇവിടുത്തെ കക്ഷിനില. വികസനകാര്യ സമിതിയിലേക്ക് മറിയാമ്മ തരകനും ശോഭനയും ഒന്നാം വാര്‍ഡ് അംഗം എല്‍സി ബെന്നിയും 17ാം വാര്‍ഡ് അംഗം റോസമ്മ ഡാനിയേലുമാണ് മത്സരിച്ചത്. ഇതില്‍ ശോഭനക്ക് സ്വന്തം വോട്ട് മാത്രമാണ് കിട്ടിയത്. കോണ്‍ഗ്രസിലെ അഞ്ച് അംഗങ്ങളും വോട്ട് ചെയ്തില്ല.
എന്നാല്‍, കൂടെയുള്ള പാര്‍ട്ടിയിലെ മറ്റ് അംഗങ്ങള്‍ക്ക് ശോഭന വോട്ട് ചെയ്തു. രണ്ടാമത് നടന്ന ക്ഷേമകാര്യ സമിതി തെരഞ്ഞെടുപ്പിലും ശോഭന കോണ്‍ഗ്രസുകാര്‍ക്ക് വോട്ട് ചെയ്തു. ഒടുവില്‍ ശോഭന മൂന്നാമത് നടന്ന ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയായിരുന്നു.
പട്ടികജാതി സംവരണ സീറ്റില്‍ മത്സരിച്ചു ജയിച്ചാണ് 2010ല്‍ ശോഭന കുഞ്ഞുകുഞ്ഞ് ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറായത്. അക്കാലയളവിൽതന്നെ പാര്‍ട്ടിയില്‍നിന്ന് തിക്തമായ അനുഭവങ്ങള്‍ ഏറ്റുവാങ്ങിയ ശോഭന ഇക്കുറി ഒരു വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ശോഭനയെ തോല്പിക്കാന് പാര്‍ട്ടിയിലെ ഒരു വിഭാഗം കിണഞ്ഞു പരിശ്രമിച്ചിരുന്നു. വികസനകാര്യ സ്ഥിരം സമിതിയിലേക്ക് മറിയാമ്മയുടെയും ശോഭനയുടെയും പേര് ഉയര്‍ന്നുവന്നപ്പോള്‍ പാര്‍ട്ടി നേതൃത്വം ഒത്തുതീര്‍പ്പിന് ശ്രമിച്ചില്ലെന്ന് ശോഭന കുഞ്ഞുകുഞ്ഞ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.