തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിർദേശിച്ചു. ഇത്തരക്കാരെ സര്‍വീസില്‍ നിന്നുതന്നെ നീക്കം ചെയ്യാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ക്രൈം റിവ്യൂ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത മാസം നിലവില്‍ വരുന്ന പുതിയ നിയമസംഹിതകളെക്കുറിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ ഉള്‍പ്പെടെ 38,000 ല്‍ പരം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയതായി സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. ബാക്കിയുള്ളവര്‍ക്ക് ഉടന്‍ പരിശീലനം നല്‍കും.
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നത് തടയാനായി ജില്ലാ പൊലീസ് മേധാവിമാര്‍ വ്യാപകമായി പ്രചരണം നടത്തണം. ഇതിനായി ജനമൈത്രി പൊലീസിന്‍റെ സേവനം വിനിയോഗിക്കണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ശിക്ഷാനടപടികള്‍ നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കുന്നതിന് പ്രത്യേകശ്രദ്ധ നല്‍കണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ലാ പൊലീസ് മേധാവിമാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളില്‍ അന്വേഷണം ഊര്‍ജിതമാക്കണം. മോഷണവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമവും തടയുന്നതിനും ഇത്തരം കേസുകളില്‍ കുറ്റവാളികളെ പിടികൂടുന്നതിനും സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, പോക്സോ കേസുകള്‍ എന്നിവ സംബന്ധിച്ച നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. കാപ്പനിയമം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം സ്വീകരിച്ച നപടികളും യോഗം ചര്‍ച്ച ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിൽ പങ്കു വഹിച്ച വിവിധ റാങ്കുകളിലെ പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അഭിനന്ദിച്ചു.
എ.ഡി.ജി.പി മാരായ മനോജ് എബ്രഹാം, എം.ആര്‍. അജിത് കുമാര്‍, എച്ച്. വെങ്കടേഷ് എന്നിവരും ഐ.ജിമാര്‍, ഡി.ഐ.ജി മാര്‍, എസ്.പി മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍, എ.ഐ.ജിമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.