ധ​ന്യ​ക്ക​രി​കെ അ​മ്മ ന​ളി​നി

നളിനിയുടെ വിഷാദരാഗമായി ധന്യ യാത്രയായി

കാസർകോട്: എൻഡോസൾഫാൻ മേഖലയിലെ പുതിയ ദുഃഖങ്ങളിലെ കഥാപാത്രമാകുന്ന വലിയ 'ഇരകളിൽ' ഒരാളായ ധന്യ യാത്രയായി. മൂന്നു വയസ്സുപോലും തോന്നിക്കാത്ത ധന്യ അമ്മ നളിനിയുടെ വിഷാദരാഗമായിരുന്നു.ജീവിതത്തിൽ ഒരിക്കൽപോലും എഴുന്നേറ്റ് നടക്കുകയോ സ്വയം ഇരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാതെ 27 വർഷം ദുരിതംതിന്ന് ജീവിച്ച മകൾ എൻഡോസൾഫാൻ ദുരിതത്തിന്റെ പുതിയ മുഖമായിരുന്നു.

മകൾക്കുവേണ്ടി മാത്രം ജീവിച്ച നളിനി കാഞ്ഞങ്ങാട് നഗരത്തിന്റെ ആൾക്കൂട്ടപരിസരങ്ങളിൽനിന്ന് സമാധാനവും ശാന്തിയും ആഗ്രഹിച്ച് അമ്പലത്തറ പെരൂരിലെ ഏകാന്തമായ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. മകളുടെ ജനനത്തോടെ ആ കാഴ്ച താങ്ങാനാവാതെ അച്ഛൻ വീടുവിട്ടുപോയി. പിന്നീട് മരിച്ച വിവരം ലഭിച്ചു. അമ്മമാരുടെ പുതിയ വേദനകളായിരുന്നു വളർന്നുവരുന്ന കുഞ്ഞുങ്ങൾ.

ഒക്കത്തെടുത്തുവളർത്തിയ കാലത്തുനിന്ന് പ്രായം കൂടുന്നതിനനുസരിച്ച് ഒരുമാറ്റവും ഇവരിൽ ഉണ്ടായില്ല. വളർച്ചയോട് പൊരുത്തപ്പെടാനാവാത്ത ശരീരത്തിന്റെ സ്വാഭാവികമായ പരിണാമമാണ് മരണം എന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. 'എൻഡോസൾഫാൻ ഇരകൾക്ക് മരണമോ മരുന്ന്?' എന്ന പേരിൽ 'മാധ്യമം' ലേഖന പരമ്പര കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.

ദുരിതബാധിതരുമായി ഏകാന്തതയിലേക്ക് മാറുന്ന അമ്മമാരുടെ ജീവിതത്തിന്റെ ഉദാഹരണമായിരുന്നു നളിനിയും ധന്യയും. ഏകാന്തമായ ഇടത്ത് സ്ഥലം വിലയ്ക്കുവാങ്ങുകയായിരുന്നു. നളിനിയുടെ മനസ്സ് പതിയെ ഏകാന്തതയിലേക്ക് പിച്ചവെക്കുകയായിരുന്നു, മകൾക്കൊപ്പം.

എൻഡോസൾഫാൻ പട്ടികയിലെ നാലായിരത്തോളം ഇരകളിൽ മഹാഭൂരിപക്ഷവും 40 വയസ്സുവരെ എത്തിയവരാണ്. 60ശതമാനത്തോളവും പെൺകുട്ടികളോ സ്ത്രീകളോ ആണ്. ഇവരെ നിയന്ത്രിക്കുക ഒരു അമ്മയ്ക്കും അച്ഛനും സാധിക്കുന്ന കാര്യമല്ല. സ്വന്തം ആരോഗ്യം നോക്കാതെയാണ് ഇവർ മക്കളെ ഇപ്പോഴും ഒക്കത്ത് എടുത്തു നടക്കുന്നത്.

Tags:    
News Summary - Dhanya passed away; Nalini in sad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.