പിണറായിക്കെതിരെ മത്സരിച്ചില്ല; ജി. ദേവരാജനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് സംസ്ഥാന കൗൺസിൽ

തിരുവനന്തപുരം: ഫോർവേഡ് ബ്ലോക്ക് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജി. ദേവരാജനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് സംസ്ഥാന കൗൺസിൽ യോഗം കേന്ദ്ര കമ്മിറ്റിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് ഫോർവേഡ് ബ്ലോക്കിനായിരുന്നു യു.ഡി.എഫ് സീറ്റ് നൽകിയത്.

പിണറായി വിജയനെതിരെ ജി. ദേവരാജൻ മത്സരിക്കണമെന്നായിരുന്നു യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെയും ഫോർവേഡ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റിയുടെയും തീരുമാനം. എന്നാൽ, മത്സരിക്കാൻ ജി. ദേവരാജൻ തയാറായില്ല. ഇതോടെ അവസാന നിമിഷം കണ്ണൂർ ഡി.സി.സി സെക്രട്ടറി സി. രഘുനാഥനെ കോൺഗ്രസ് മത്സരരംഗത്തേക്ക് ഇറക്കുകയായിരുന്നു.

ദേവരാജന്‍റെ നിലപാട് പാർട്ടി തീരുമാനത്തെ അട്ടിമറിക്കുന്നതും പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിക്കും മുന്നണിക്കും അവമതിപ്പുണ്ടാക്കുന്നതാണെന്നും സംസ്ഥാന കൗൺസിൽ യോഗം വിലയിരുത്തി. സംസ്ഥാന കൗൺസിൽ യോഗം ദേശീയ ചെയർമാൻ കൈപ്പുഴ എൻ. വേലപ്പൻ നായർ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന നിരീക്ഷകനുമായ കെ.ആർ. ബ്രഹ്മാനന്ദന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി. റാംമോഹൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

തമ്പി പുന്നത്തല(കൊല്ലം), വി. ജയചന്ദ്രൻ (തിരുവനന്തപുരം), സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോഷി ജോർജ് (പാലക്കാട്), നന്ദുകൃഷ്ണ (എറണാകുളം), എ.എൻ. ജവഹർ (വയനാട്), ദേവദാസ് കുട്ടമ്പൂർ(കോഴിക്കോട്), കൃഷ്ണപിള്ള (പത്തനംതിട്ട), ജോളി ജോസഫ് (കോട്ടയം), രാജൻ (കണ്ണൂർ), എം.പി. ജയകുമാർ, കൊല്ലം ഭരതൻ, രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. വി. റാംമോഹൻ വീണ്ടും സംസ്ഥാന ജനറൽ സെക്രട്ടറിയായിട്ടുള്ള സംസ്ഥാന കമ്മിറ്റിയെ കൗൺസിൽ യോഗം ​തെരഞ്ഞെടുത്തു.

Tags:    
News Summary - Did not contest against Pinarayi; State Council wants Devarajan expelled from the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.