മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ൽ മ​ത്സ്യ-പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക മാ​ർ​ക്ക​റ്റ് കെ​ട്ടി​ടം പ്ര​വൃ​ത്തി നി​ല​ച്ച നി​ല​യി​ൽ

മാർക്കറ്റ് കെട്ടിടം പാതി വഴിയിലിട്ട് നഗരസഭ 'മുങ്ങി'യോ?!

മലപ്പുറം: 'ഇതാ ഇപ്പം ശരിയാക്കി തരാമെന്ന്' പറഞ്ഞ് പഴയ മാർക്കറ്റിലെ കച്ചവടക്കാരെ പല വഴിക്കായി മാറ്റിയിട്ട് ഇപ്പോൾ രണ്ട് വർഷമായി. ആധുനിക പച്ചക്കറി - മത്സ്യ മാർക്കറ്റ് സമുച്ചയമെന്ന് പറഞ്ഞ് പ്രവൃത്തി തുടങ്ങിയിട്ടും ഒരു ഭാഗം പോലും പൂർത്തിയാക്കാനായിട്ടില്ല നഗരസഭക്ക്.

ഒരു ഭാഗത്ത് പണിതുയർത്തിയ കെട്ടിടമാകട്ടെ 'മികച്ച'കൊതുകുവളർത്തു കേന്ദ്രം കൂടിയായി മാറിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.


സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ സ്ഥ​ല​ത്ത് ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി

നി​ർ​മി​ച്ച ബ​ങ്ക്


 


കരാറുകാരനും കൂടി ബാധ്യതകൾ തീർത്ത് പ്രവൃത്തിയിൽ നിന്ന് ഒഴിവാക്കി തരണമെന്ന് കാണിച്ച് നഗരസഭയെ സമീപിച്ചിരിക്കുകയാണിപ്പോൾ. എസ്റ്റിമേറ്റ് പുതുക്കി പുതിയ നിരക്ക് നൽകുകയോ നിലവിൽ തീർത്ത പ്രവൃത്തിയുടെ പണം അനുവദിക്കുകയോ വേണമെന്ന് കാണിച്ച് കരാർ കമ്പനിയായ പി.എം.ആർ എന്‍റർ പ്രൈസസ് നഗരസഭക്ക് നിരവധി തവണ കത്ത് നൽകി കഴിഞ്ഞു. എന്നാൽ, ഈ കത്തുകൾക്കൊന്നും കൃത്യമായ മറുപടി നഗരസഭ ഉദ്യോഗസ്ഥർ നൽകിയിട്ടില്ലെന്ന് കരാർ കമ്പനി അധികൃതർ അറിയിച്ചു.

12.85 കോടി രൂപ ചെലവിലാണ് ആധുനിക മാർക്കറ്റ് സമുച്ചയം കോട്ടപ്പടിയിൽ നിർമിക്കാൻ സി.എച്ച്. ജമീല ചെയർപേഴ്സൻ ആയിരുന്ന കൗൺസിൽ തീരുമാനിച്ചത്. ഇതിനായി വിശദ പദ്ധതി രേഖയും എസ്റ്റിമേറ്റും ഉണ്ടാക്കിയെങ്കിലും സ്ഥലം പൂർണമായി കരാർ കമ്പനിക്ക് വിട്ടുനൽകാത്തതിനാൽ 2.5 കോടി രൂപയുടെ പ്രവൃത്തികൾ മാത്രമാണ് പൂർത്തിയാക്കാൻ ആയത്.

എന്നാൽ, കടകൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ തരത്തിലുള്ള കെട്ടിടത്തിന്‍റെ പ്രവൃത്തികൾ തീരാത്തതാണ് നഗരസഭയെ വിശ്വസിച്ച് കടമുറികളൊഴിഞ്ഞ കച്ചവടക്കാർക്ക് തിരിച്ചടിയായത്.

ബങ്കുകളിലെ കച്ചവടം ദുരിതമയം

കഷ്ടി ഒരാൾക്ക് എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത ബങ്കുകളുടെ വാടക 3000 രൂപയാണ്. അൽപംകൂടി സൗകര്യത്തോടെയുള്ള ബങ്കുകൾക്ക് 8000 മുതൽ 12000 വരെ. ഇത്രയെങ്കിലും സൗകര്യത്തിൽ നിത്യവൃത്തിക്കുള്ളത് ഒപ്പിക്കാൻ കഴിയുന്നത് സ്പോർട്സ് കൗൺസിലിന്‍റെ കനിവിലാണെന്ന് വ്യാപാരികൾ പറഞ്ഞു.

കോട്ടപ്പടി സ്റ്റേഡിയത്തിനോട് ചേർന്ന് സ്പോർട്സ് കൗൺസിലിന്‍റെ സ്ഥലത്ത് താൽക്കാലികമായി ഒരുക്കിയ ബങ്കുകളിലെ കച്ചവടം ദുരിതമാണെന്നാണ് വ്യാപാരികൾ പറയുന്നത്. ഉപഭോക്താക്കൾക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയാത്ത സ്ഥലത്ത് നിർമിച്ച ബങ്കുകളിലെ കച്ചവടം മോശമായതോടെ ഏതാനും വ്യാപാരികൾ ഈ കുഞ്ഞൻ കടമുറികൾ സ്ഥിരമായി അടച്ചിട്ടിട്ടുമുണ്ട്.

കൊതുകുവളർത്തു കേന്ദ്രമായിട്ടും അനക്കമില്ല

വിപുലമായ സൗകര്യങ്ങളോടെ വിഭാവനം ചെയ്ത വ്യാപാര സമുച്ചയമായിരുന്നെങ്കിലും തുടക്കത്തിൽ കടമുറികൾ വിട്ടുനൽകാൻ വ്യാപാരികൾ മടി കാണിച്ചതോടെയാണ് ഘട്ടംഘട്ടമായി തീർക്കാമെന്ന ധാരണയിൽ നഗരസഭ കെട്ടിടത്തിന്‍റെ പ്രവൃത്തി തുടങ്ങിയത്. എന്നാൽ മൂന്ന് കോടിയോളം ചെലവഴിച്ച് ഇപ്പോൾ ഏകേദേശം പൂർത്തി‍യായ കെട്ടിടം അക്ഷരാർഥത്തിൽ കൊതുക് വളർത്തു കേന്ദ്രമായിരിക്കുകയാണ്.

പാർക്കിങ് ഏരിയക്കായി നിർമിച്ച താഴത്തെ നിലയിൽ മഴവെള്ളം നിറഞ്ഞിട്ട് മാസങ്ങളായി.

മാർക്കറ്റിലെ അഴുക്ക് വെള്ളമടക്കം ഒഴുകി ഇവിടേക്ക് എത്തുന്നതിനാൽ തന്നെ പകൽ പോലും കൊതുക് ശല്യം രൂക്ഷമാണ്.

കെട്ടിടത്തിനടിയിൽ കെട്ടിനിൽക്കുന്ന വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്തു മാറ്റണമെന്ന് വ്യാപാരികളടക്കമുള്ളവർ നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും നിസ്സംഗതയാണ് അധികൃതർക്കുള്ളത്.

സമുച്ചയം പൂർത്തിയാക്കാൻ ഇനിയും കച്ചവടക്കാരെ ഒഴിപ്പിക്കണം

പുതിയ നിർമാണത്തിന് സമീപത്തെ പഴയ കെട്ടിടം പൊളിച്ച് കൂടുതൽ സ്ഥലം വിട്ടുനൽകിയെങ്കിൽ മാത്രമെ ഡി.പി.ആർ പ്രകാരമുള്ള കെട്ടിടം പൂർത്തിയാക്കാൻ ആകൂ.


 


ആ​ധു​നി​ക മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​നാ​യി പ​ണി​യു​ന്ന

കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു

എന്നാൽ മത്സ്യമാർക്കറ്റിലെ അടക്കം കച്ചവടക്കാരോട് ചർച്ച നടത്താൻ പോലും താൽപര്യമില്ലെന്നാണ് കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല നിലവിൽ തുടങ്ങിയ കെട്ടിടം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ തന്നെ മത്സ്യവ്യാപാരികൾ തങ്ങളുടെ സ്റ്റാളുകൾ ഒഴിഞ്ഞു കൊടുക്കാൻ വിമുഖത കാണിക്കുമെന്ന് ഉറപ്പാണ്. 

Tags:    
News Summary - Did the municipality 'sink' the market building halfway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.