കൊച്ചി: സ്വകാര്യ ചില്ലറ വിൽപനക്കാരിൽനിന്ന് ഈടാക്കുന്ന തുകക്കുതന്നെ കെ.എസ്.ആർ.ടി.സിക്കും എണ്ണക്കമ്പനികൾ ഹൈസ്പീഡ് ഡീസൽ നൽകണമെന്ന ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
അന്തിമ തീർപ്പിന് സമാനമാണ് ഇടക്കാല ഉത്തരവെന്നടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്. ഡയസ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇടക്കാല ഉത്തരവിനെതിരെ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ എന്നീ എണ്ണക്കമ്പനികൾ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.വൻകിട ഉപഭോക്താവാണെന്ന കാരണത്താൽ ഡീസലിന് എണ്ണക്കമ്പനികൾ കൂടിയ തുക ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നൽകിയ ഹരജിയിലാണ് വിപണി വിലയ്ക്ക് ഡീസൽ നൽകാൻ ഏപ്രിൽ 13നാണ് സിംഗിൾബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. കെ.എസ്.ആർ.ടി.സിയുടെ ഹരജി നിയമപരമായി നിലനിൽക്കില്ലെന്നും ഈയാവശ്യം മുമ്പ് സുപ്രീംകോടതി നിരസിച്ചതാണെന്നും എണ്ണക്കമ്പനികൾ അപ്പീലിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, വിപണിയിൽ ലിറ്ററിന് 91.72 രൂപ നിരക്കിൽ ലഭിക്കുന്ന ഹൈ സ്പീഡ് ഡീസൽ തങ്ങൾക്ക് 121.35 രൂപയ്ക്കാണ് നൽകുന്നതെന്നും ഇതുമൂലം പ്രതിദിനം 83 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നുമായിരുന്നു കെ.എസ്.ആർ.ടി.സിയുടെ വാദം.
എന്നാൽ, ഉയർന്ന വില സംബന്ധിച്ച് കമ്പനികളോട് പരാതി ഉന്നയിക്കാതെ കെ.എസ്.ആർ.ടി.സി കോടതിയിലേക്ക് നേരിട്ടെത്തിയ സാഹചര്യത്തിൽ എണ്ണക്കമ്പനികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന പരാതിയിൽ കഴമ്പില്ലെന്ന് കോടതി വിലയിരുത്തി.
ഇന്ധനവില നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ അധികാരം സുപ്രീംകോടതി 2013 സെപ്റ്റംബർ 16ന് ശരിവെച്ചിട്ടുള്ളതാണ്. സുപ്രീംകോടതി ഉത്തരവിനെ തുടർന്നും എണ്ണക്കമ്പനികളുടെ അധികാരം അംഗീകരിച്ച് കെ.എസ്.ആർ.ടി.സി ഡീസൽ വാങ്ങിയിരുന്നു. എണ്ണക്കമ്പനികൾ ഡീസൽ എത്തിച്ചു നൽകുകയും ക്രെഡിറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വൻകിട ഉപഭോക്താവായ കെ.എസ്.ആർ.ടി.സിയെ റീട്ടെയിൽ ഉപഭോക്താവായി കാണാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.