തൃശൂര്‍: ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്ത ഒഴിവുകൾ ഒടുവിൽ റവന്യൂ വകുപ്പ് റിപ്പോർട്ട് ചെയ്തു. സുപ്രീംകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ ക്രമവത്കരണം നടത്തി നിയമനം നടത്താൻ നിർദേശിച്ചെങ്കിലും ഒഴിവില്ലെന്ന് പറഞ്ഞ് റവന്യൂ വകുപ്പ് ഇത് നടപ്പാക്കിയിരുന്നില്ല. ഇത് വിമർശനത്തിന് ഇടയാക്കിയയോടെ മുഖ്യമന്ത്രി കർശന നിർദേശം നൽകിയതോടെയാണ് ഒഴിവ് റിപ്പോർട്ട് ചെയ്യാൻ റവന്യൂ വകുപ്പ് തയാറായത്.
മന്ത്രിസഭ വാർഷികത്തിെൻറ ഭാഗമായി ഭിന്നശേഷിക്കാർക്ക് നിർദേശിച്ച സംവരണക്രമമനുസരിച്ച് നിയമനം നടത്താൻ നിർദേശിച്ചിരുന്നു. അപ്പോഴും റവന്യൂ വകുപ്പ് ഒഴിവില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്. എന്നാൽ, 20ന് മുമ്പ് നിയമന വിവരങ്ങൾ അറിയിക്കാനും ഇത് സുപ്രീംകോടതിയിൽ സമർപ്പിക്കാനും റവന്യൂ വകുപ്പിന് നിർദേശം നൽകി.
മൂന്ന് ശതമാനം സംവരണത്തിനൊപ്പം നിലവില്‍ സംസ്ഥാനത്ത് പരിഗണിക്കുന്ന 33, 66, 99 എന്ന ഊഴം ഒന്ന്, 34, 67 എന്ന ക്രമത്തിലേക്ക് ഭേദഗതി വരുത്തി 1996 മുതൽ മുന്‍കാല പ്രാബല്യത്തോടെ ഒഴിവുകള്‍ നികത്താനും നിർദേശിച്ച് മേയ് എട്ടിനാണ് സാമൂഹികനീതി വകുപ്പ് ഉത്തരവിറക്കിയത്. നാലുപേർക്ക് സ്ഥാനക്കയറ്റം നൽകുമ്പോൾ ഒരാളെ നേരിട്ട് നിയമിക്കണമെന്നാണ് വ്യവസ്ഥ. നേരത്തേ ഇൗ ഒഴിവുകൾ സ്ഥാനക്കയറ്റം നൽകി നികത്തുകയായിരുന്നു പതിവ്.
എന്നാൽ, മുൻകാല പ്രാബല്യത്തോടെ നിയമനം നടത്തുമ്പോൾ, ഒഴിവുകളില്ലെങ്കിൽ കൂടി സൂപ്പർ ന്യൂമററിയായി നിയമനം നടത്താം. എന്നിട്ടും ഒഴിവില്ലെന്ന കാരണം പറഞ്ഞ് റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുടെ നിർദേശം തള്ളുകയായിരുന്നു. 2017 മേയ് 31ന് ഡെപ്യൂട്ടി കലക്ടർ തസ്തികയിൽനിന്ന് ഏഴുപേർ വിരമിച്ചവരുൾപ്പെടെ നൂറോളം ഒഴിവുകളെ മറച്ചുവെച്ചായിരുന്നു റവന്യൂ വകുപ്പ് ഒഴിവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചത്.
എന്നാൽ, ഉദ്യോഗാർഥികൾ വിവരാവകാശപ്രകാരം ലഭിച്ച ഒഴിവ് വിവരങ്ങളുമായി മുഖ്യമന്ത്രിയെയും സാമൂഹികനീതി വകുപ്പിനെയും സമീപിച്ചതോടെ 20ന് മുമ്പ് നിയമനം നൽകണമെന്നും ഇതിെൻറ വിശദാംശങ്ങൾ അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. 20നാണ് ഒഴിവുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസിനും പി.എസ്.സിക്കും റിപ്പോർട്ട് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.