നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡിജി യാത്ര പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണം പൂർത്തിയായി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവളം സന്ദർശിച്ച് സിയാലിന്റെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ചു.
ഡിജി യാത്രയുടെ ഒന്നാം ഘട്ടമായ ഇ-ഗേറ്റ് പ്രവർത്തിപ്പിക്കാൻ സിയാലിന്റെ ഐ.ടി വിഭാഗം സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയർ ആണ് ഉപയോഗിച്ചിട്ടുള്ളത്. വിമാനത്താവളത്തിലെ വിവിധ മേഖലകളിൽ ടിക്കറ്റും തിരിച്ചറിയിൽ കാർഡുമെല്ലാം ഉപയോഗിച്ച് പ്രവേശിക്കുന്നതിനുപകരം ബയോമെട്രിക് സംവിധാനം ഏർപ്പെടുത്തുകയാണ് ഡിജി യാത്രയുടെ ഉദ്ദേശ്യം.
മൊബൈൽ ഫോണിലുള്ള ടിക്കറ്റിന്റെ ബാർകോഡ് സ്‌കാൻ ചെയ്ത് പരിശോധന ഉറപ്പാക്കുകയാണ് ഇതിന്റെ ആദ്യഘട്ടം. ഇതിനായി സി.ഐ.എസ്.എഫ് സുരക്ഷാ ജീവനക്കാർക്ക് പകരം ഇ-ഗേറ്റ് സംവിധാനം ഏർപ്പെടുത്തും. ഇത് സിയാലിന്റെ ആഭ്യന്തര ടെർമിനലിൽ ഘടിപ്പിച്ചിട്ടുണ്ട്. ഇ-ഗേറ്റിന്റെ പരീക്ഷണ പ്രവർത്തനം പൂർത്തിയാക്കി. യാത്രക്കാരുടെ മുഖം തിരിച്ചറിയുകയും ആധാർ രേഖയുമായും എയർലൈൻ ടിക്കറ്റുമായും ഒത്തുനോക്കി വിമാനത്തിലേയ്ക്കുള്ള പ്രവേശനം ഉറപ്പാക്കുകയാണ് ഡിജി യാത്രയുടെ രണ്ടാംഘട്ടം. ഇത് നടപ്പിലാക്കിയാൽ ടിക്കറ്റ്, തിരിച്ചറിയൽ രേഖ തുടങ്ങിയവ സുരക്ഷാ ഭടൻമാരെ കാണിക്കേണ്ടതില്ല. ഇ-ഗേറ്റുവഴി യാത്രക്കാർക്ക് പ്രവേശിക്കാനാകും. ഇത് ഈ വർഷം തന്നെ സിയാലിൽ നടപ്പിലാക്കും.
ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും ഡിജി യാത്ര പ്രവർത്തനക്ഷമമാക്കി യാത്രാ സൗകര്യം വേഗത്തിലാക്കാനാണ് ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിലെ അടയാള ബോർഡുകളും അറിയിപ്പുകളും ഡിജിറ്റൽ രൂപത്തിലാക്കണം. വിവിധ ഭാഷകളിൽ യാത്രക്കാരുമായുള്ള സംവേദനം സാധ്യമാക്കണം. വിമാനത്താവളത്തിന്റെ അകച്ചമയങ്ങളും വൃത്തിയും ശ്ലാഘനീയമാണ്. ഇക്കാര്യത്തിൽ മറ്റ് വിമാനത്താവളങ്ങൾ കൊച്ചിയെ മാതൃകയാക്കണം-സിന്ധ്യ പറഞ്ഞു. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, വിമാനത്താവളത്തിലെ സൗകര്യങ്ങളെക്കുറിച്ച് മന്ത്രിയോട് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.