കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീലദൃശ്യം പകർത്തിയ കേസിലെ പ്രതികളുടെ ഫോൺ വിളിയുടെ അസ്സൽ രേഖകൾ വിളിച്ചുവരുത്തണമെന്നടക്കം ആവശ്യങ്ങൾ വിചാരണക്കോടതി തള്ളിയതിനെതിരായ പ്രോസിക്യൂഷന്റെ ഹരജികൾ ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നുൾപ്പെടെ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ അപേക്ഷ നൽകിയെങ്കിലും വിചാരണക്കോടതി തള്ളുകയായിരുന്നു. പ്രോസിക്യൂഷന്റെ ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച്, പ്രതികളായ പൾസർ സുനി, നടൻ ദിലീപ്, മണികണ്ഠൻ തുടങ്ങിയവർക്ക് നോട്ടീസ് നൽകാൻ ഉത്തരവിട്ടിരുന്നു.
പ്രതികളുടെ ഫോൺ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട് ടെലികോം കമ്പനികൾ സമർപ്പിച്ച സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അംഗീകരിക്കരുതെന്ന് പ്രതികളുടെ അഭിഭാഷകർ വിചാരണക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇവയുടെ അസ്സൽ രേഖകൾ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ അപേക്ഷ നൽകി. സിനിമനിർമാതാവ് ആന്റോ ജോസഫ് ഉൾപ്പെടെ ഏഴുസാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ഒമ്പത് അധിക സാക്ഷികളെകൂടി വിസ്തരിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവരിൽ മൂന്നുപേരെ വിസ്തരിക്കാൻ മാത്രമാണ് അനുമതി നൽകിയതെന്നാണ് ഹരജിയിൽ പറയുന്നത്.
രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി നിർദേശം
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സംവിധായകന്റെ രഹസ്യമൊഴി രേഖപ്പെടുത്താൻ നിർദേശം. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തിയത്. പ്രതി നടൻ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച സംവിധായകൻ പി. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയാവും അടുത്ത ദിവസം രേഖപ്പെടുത്തുക.
ദിലീപിന് മുഖ്യപ്രതി പൾസർ സുനിയെ അടുത്തറിയാമെന്നും നടിയെ ആക്രമിച്ച വിഡിയോ ദിലീപ് കണ്ടിരുന്നെന്നും വിചാരണക്കിടെ കൂറുമാറിയ സാക്ഷികളെ ദിലീപ് സ്വാധീനിച്ചിരുന്നതായും ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.