കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണസംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കം അഞ്ച് പ്രതികളെ 11 മണിക്കൂർ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തു. അറസ്റ്റ് ചെയ്യാതെ ചോദ്യംചെയ്യാമെന്ന ഹൈകോടതി നിർദേശത്തെതുടർന്നാണ് ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ മൂന്നുദിവസങ്ങളിലായി 33 മണിക്കൂർ ചോദ്യംചെയ്യാനുള്ള നടപടി. രാവിലെ ഒമ്പതിന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാനായിരുന്നു ഒന്നുമുതൽ അഞ്ചുവരെ പ്രതികളായ നടൻ ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്‍റെ മാനേജർ എന്നറിയപ്പെടുന്ന അപ്പു എന്നിവരോട് ആവശ്യപ്പെട്ടത്.
രാവിലെ എട്ടരയോടെ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പോകാൻ ആലുവയിലെ വീട്ടിൽ ദിലീപ്, അനൂപ്, സുരാജ് എന്നിവർ തയാറായിരുന്നു. ബന്ധുക്കളടക്കം ആളുകൾ ഈ സമയം ഇവിടെ എത്തി. 8.40ഓടെ മൂവരും ഇന്നോവ ക്രിസ്റ്റ വാഹനത്തിൽ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് പുറപ്പെട്ടു. 8.45ഓടെ ബൈജു ചെങ്ങമനാട്, അപ്പു എന്നിവർ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരായിരുന്നു. 8.55ഓടെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.
ഒമ്പത് മണിക്കുശേഷമാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ ഉദ്യോഗസ്ഥർ ഓരോ പ്രതികളെയും രണ്ടാംനിലയിലെ വ്യത്യസ്ത മുറികളിലിരുത്തി ഒറ്റക്കൊറ്റക്കാണ് ആദ്യഘട്ട ചോദ്യംചെയ്യൽ നടത്തിയത്. വിഡിയോയും ചിത്രീകരിക്കുന്നുണ്ട്. മൊഴികൾ തെളിവുകളായി സൂക്ഷിക്കുന്നതിനും പൊലീസ് ഉപദ്രവിച്ചെന്ന ആരോപണം ഉയർത്തിയാൽ നിഷേധിക്കുന്നതിനുമാണ് വിഡിയോ ചിത്രീകരണം. മറ്റൊരു മുറിയിലിരുന്ന് വിഡിയോ ഉദ്യോഗസ്ഥർ വീക്ഷിക്കുന്നുമുണ്ടായിരുന്നു.
ഓരോ ചോദ്യത്തോടുമുള്ള പ്രതികരണവും പ്രതികളുടെ മുഖഭാവവും അവർ പ്രത്യേകം നിരീക്ഷിച്ചു. ഉച്ചയോടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. ഈ സമയം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത്, ഐ.ജി. ഗോപേഷ് അഗർവാൾ എന്നിവർ ക്രൈംബ്രാഞ്ച് ഓഫിസിലെത്തി. ഇവർ അതുവരെയുള്ള മൊഴികൾ പരിശോധിച്ച് വൈരുധ്യങ്ങൾ വിലയിരുത്തി. തുടർന്ന് ദിലീപിനെ ഒറ്റക്ക് മറ്റൊരു മുറിയിലേക്ക് വിളിച്ചുവരുത്തി എ.ഡി.ജി.പി, ഐ.ജി, എസ്.പി എന്നിവരുടെ നേതൃത്വത്തിൽ ഒരുമണിക്കൂറോളം പ്രത്യേകം ചോദ്യംചെയ്തു.
ശേഷം എ.ഡി.ജി.പി മടങ്ങുകയും മറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ചോദ്യംചെയ്യൽ തുടരുകയും ചെയ്തു. വരുംദിവസങ്ങളിൽ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. ആദ്യദിവസത്തെ മൊഴികളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ചോദ്യചെയ്യൽ. രാത്രി 7.55ഓടെ പ്രതികൾ അഞ്ചുപേരും ഒരുമിച്ച് ഒരു വാഹനത്തിലാണ് ക്രൈംബ്രാഞ്ച് ഓഫിസിൽനിന്ന് മടങ്ങിയത്.
പണം ചോദിച്ച് ഭീഷണിപ്പെടുത്തി; ബാലചന്ദ്രകുമാറിനെതിരെ ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഗുരുതര ആരോപണവുമായി നടൻ ദിലീപ്. കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത് താൻ മുഖാന്തരം നെയ്യാറ്റിൻകര ബിഷപ് ഇടപെട്ടതോടെയാണെന്നും അതിന് പണം വേണമെന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടെന്നാണ് ആരോപണം. ഭീഷണിക്ക് വഴങ്ങാതെ വന്നതോടെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ചു.
മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപിന്‍റെ ആരോപണം. ബാലചന്ദ്രകുമാറിനെ സിനിമയുമായി ബന്ധപ്പെട്ടാണ് പരിചയം. നടിയെ ആക്രമിച്ച കേസിൽ ജയിലിലായപ്പോൾ ബാലചന്ദ്രകുമാർ കാണാൻ വന്നു. 80 ദിവസം ജയിലിൽ കിടന്നപ്പോൾ എത്തിയ ചുരുക്കം സന്ദർശകരിൽ ഒരാളായിരുന്നു. കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പിനെ ബന്ധപ്പെടുത്താമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ സഹോദരനെയും ബന്ധുക്കളെയും സമീപിച്ചു. ബിഷപ്പുമായി നല്ല അടുപ്പമുണ്ടന്നും അവകാശപ്പെട്ടു. ബിഷപ്പിന് മുഖ്യമന്ത്രിയും മന്ത്രിമാരും പൊലീസ് തലപ്പത്തുള്ള ഉദ്യോഗസ്ഥരുമായുള്ള ബന്ധം മുതലെടുത്ത് അന്തിമ കുറ്റപത്രത്തിൽനിന്ന് ദിലീപിന്‍റെ പേര് ഒഴിവാക്കാമെന്നുമായിരുന്നു വാഗ്ദാനം.
കേസിൽ ജാമ്യം കിട്ടിയതിനുപിന്നാലെ ബാലചന്ദ്രകുമാർ വന്നുകണ്ടു. താൻ വഴി ബിഷപ് ഇടപെട്ടതുകൊണ്ടാണ് ജാമ്യം കിട്ടിയത് എന്നായിരുന്നു അവകാശവാദം.
ഇതിന് പ്രതിഫലമായി ബിഷപ്പിനും സഹായിച്ച മറ്റുചിലർക്കും പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരം ഭീഷണികൾക്ക് വഴങ്ങാതെ വന്നതോടെ ബാലചന്ദ്രകുമാറിന് താൻ ശത്രുവായെന്നും ദിലീപ് പറയുന്നു. ഇതോടെയാണ് കള്ളത്തെളിവുമായി എത്തിയത്. സിനിമ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. സിനിമയുമായി സഹകരിച്ചില്ലെങ്കിൽ എ.ഡി.ജി.പി ബി. സന്ധ്യയെ വിളിച്ചുപറഞ്ഞ് ജാമ്യം റദ്ദാക്കുമെന്നും ബാലചന്ദ്രകുമാർ ഭീഷണിപ്പെടുത്തി. പലപ്പോഴായി 10 ലക്ഷം ബാലചന്ദ്രകുമാർ കൈപ്പറ്റിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
എന്നാൽ, പണം വാങ്ങിയത് സംവിധായകൻ എന്ന നിലയിലാണെന്നും ആരോപണം പച്ചക്കള്ളമാണെന്നും ബാലചന്ദ്രകുമാർ പ്രതികരിച്ചു. നെയ്യാറ്റിൻകര ബിഷപ്പുമായി ചേർത്ത് പറയുന്ന ആരോപണങ്ങൾ പൂർണമായി നിഷേധിക്കുകയാണ്. ബോധപൂർവം തന്നെ കരിവാരിത്തേക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു. 27ന് അന്വേഷണ പുരോഗതി റിപ്പോർട്ടിനൊപ്പം ഈ സത്യവാങ്മൂലവും കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.