ആലുവ: രണ്ടാഴ്ചയായി ജയിൽവാസം അനുഭവിക്കുന്ന നടൻ ദിലീപിന് ഏറെ വേദന നൽകുന്നതായിരുന്നു ജാമ്യാപേക്ഷ തള്ളിയ ഹൈകോടതി വിധി. അവസാന നിമിഷം വരെ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടൻ. ഇക്കാര്യം സഹതടവുകാരോടും പങ്കുവെച്ചിരുന്നു. ജാമ്യം ലഭിക്കുമെന്ന് അഭിഭാഷകനും ഉറപ്പിച്ച് പറഞ്ഞതോടെ സമീപ ദിവസങ്ങളിൽ പതിവില്ലാത്ത സന്തോഷത്തിലായിരുന്നു താരം. ആദ്യമൊക്കെ വിഷണ്ണനായി കാണപ്പെട്ട ദിലീപ് അടുത്ത ദിവസങ്ങളിൽ സഹതടവുകാരോട് ഏറെ നേരം സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച ഹൈകോടതി തീരുമാനം അറിഞ്ഞതോടെ ദിലീപ് ആകെ തകർന്നു.
ജയിലിലെ ടി.വിയില്‍ നിന്നാണ് ജാമ്യാപേക്ഷയിലെ വിധി അറിഞ്ഞത്. ഉച്ചയോടെ ജയിലില്‍ എത്തിയ സഹോദരന് അനൂപിൽനിന്ന് വിവരങ്ങൾ കൃത്യമായി മനസ്സിലാക്കി. രണ്ടുപേരും പത്ത് മിനിറ്റോളം കേസിനെക്കുറിച്ച് സംസാരിച്ചു. പിന്നീട്, ജയിലില്‍നിന്ന് രണ്ട് നമ്പറുകളിലേക്ക് ദിലീപ് ഫോണ്‍ ചെയ്തു. അമ്മയോട് സംസാരിച്ചപ്പോള്‍ എന്ന് തിരികെ വരുമെന്ന ചോദ്യത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞു.
ഇതിനിടെയാണ് നേരിട്ട് കോടതിയിൽ ഹാജരാക്കുന്നതിന് പകരം വിഡിയോ കോൺഫറൻസ് സംവിധാനം ഒരുക്കാനുള്ള തീരുമാനം. കോടതിയിലേക്കുള്ള യാത്രകളായിരുന്നു ദിലീപിന് പുറം ലോകം കാണാനുള്ള ഏക മാർഗം.
ഹൈകോടതി ജാമ്യം നിഷേധിച്ചതോടെ ദിലീപിനെതിരെ കൂടുതല്‍ പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ഇതാണ് വിഡിയോ കോണ്‍ഫറൻസിങ് വേണമെന്ന് ആവശ്യപ്പെടാൻ കാരണം. ആലുവ സബ് ജയിലിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച വിഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം നിലവിൽ പ്രവര്‍ത്തനരഹിതമാണ്. ഇത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.