കോഴിക്കോട്: ഇടുക്കിക്ക് പിന്നാലെ കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന വിവാദ സിനിമ ‘കേരള സ്റ്റോറി’ പ്രദർശിപ്പിക്കാൻ താമരശ്ശേരി രൂപതയും. രൂപതയിലെ മുഴുവൻ കെ.സി.വൈ.എം യൂനിറ്റുകളിലും ശനിയാഴ്ചയാണ് സിനിമ പ്രദർശിപ്പിക്കുക.
‘കേരള സ്റ്റോറി’ എന്ന സിനിമ നിരോധിച്ചിട്ടില്ലെന്നും സിനിമ പ്രദർശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനങ്ങളെന്നും കെ.സി.വൈ.എം-എസ്.എം.വൈ.എം താമരശ്ശേരി യൂനിറ്റ് പുറത്തിറക്കിയ പോസ്റ്ററിൽ പറയുന്നു. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുക എന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് താമരശ്ശേരി കെ.സി.വൈ.എം വ്യക്തമാക്കി.
കേരളത്തെക്കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന ‘കേരള സ്റ്റോറി’ എന്ന സിനിമ ദൂരദർശൻ പ്രദർശിപ്പിച്ചത് വിവാദമായതിനുപിന്നാലെയാണ് ഇടുക്കി രൂപതയും സിനിമ പ്രദർശിപ്പിച്ചത്. വിശ്വാസോത്സവത്തിന്റെ ഭാഗമായി നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്ത 10,11,12 ക്ലാസിലെ വിദ്യാർഥികൾക്കായാണ് വിവാദ സിനിമ പ്രദർശിപ്പിച്ചത്.
പരിശീലന ഭാഗമായി നൽകിയ ആക്ടിവിറ്റി ബുക്കിൽ ലവ് ജിഹാദിനെക്കുറിച്ചുള്ള പ്രത്യേക അധ്യായവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ രണ്ട്, മൂന്ന്, നാല് തീയതികളിൽ നടന്ന ക്യാമ്പിൽ നാലാം തീയതിയാണ് സിനിമ പ്രദർശിപ്പിച്ചത്. കുട്ടികൾ പ്രണയത്തിലകപ്പെട്ട് വഴിതെറ്റി പോകുന്നതിനെതിരായ ബോധവത്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് ഇടുക്കി രൂപത മീഡിയ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു.
കുട്ടികൾക്കായി എല്ലാ വർഷവും അവധിക്കാലത്ത് ഇത്തരം പരിശീലനം നടത്താറുണ്ട്. അതിനായി പ്രത്യേക വിഷയങ്ങളും പാഠഭാഗങ്ങളും തയാറാക്കും. ഈ വർഷം 10,11,12 ക്ലാസിലെ കുട്ടികൾക്കായി തയാറാക്കിയ പാഠത്തിന്റെ പ്രമേയം പ്രണയമായിരുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾ പ്രണയത്തിൽ വീണുപോകുകയും അതുമൂലം പല അപകടങ്ങളിൽ പെടുകയും ചെയ്യുന്ന സാഹചര്യമുണ്ട്. അവരുടെ ബോധവത്കരണത്തിനായാണ് പരിശീലന പരിപാടി നടത്തിയത്.
‘കേരള സ്റ്റോറി’ കാണിച്ച് അതേക്കുറിച്ച് ചർച്ച ചെയ്യാനും റിവ്യൂ തയാറാക്കാനും കുട്ടികൾക്ക് അവസരമൊരുക്കിയെന്നും ഫാ. ജിൻസ് കാരക്കാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് സ്പർധ വളർത്തുന്ന ഉള്ളടക്കമുള്ള സിനിമ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയർന്ന സമയത്താണ് ഇടുക്കി രൂപത ഈ സിനിമ പ്രദർശിപ്പിച്ചത്. ക്യാമ്പിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി നൽകിയ ടെക്സ്റ്റിലെ രണ്ടാം അധ്യായത്തിലാണ് കോടതി പോലും തള്ളിക്കളഞ്ഞ ലവ് ജിഹാദിനെക്കുറിച്ച് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.