കൊച്ചി: നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥം, ഈന്തപ്പഴം എന്നിവ വിതരണം ചെയ്ത കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ അനുമതി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് കസ്റ്റംസിന് അനുമതി നല്‍കിയത്.
അറ്റാഷെയും കോണ്‍സുലേറ്റ് ജനറലും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിൽ കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടുകയായിരുന്നു. നയതന്ത്ര ചാനല്‍ വഴി പാഴ്‌സലായി മതഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടുവന്നതിന് രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മൂന്ന് വർഷം കൊണ്ട് നയതന്ത്രബാഗ് വഴി 17,000 കിലോഗ്രാം ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
കേസിൽ മുൻമന്ത്രി കെ.ടി. ജലീലിനേയും പ്രോട്ടോക്കോൾ ഓഫിസറേയുമടക്കം ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
നയതന്ത്രചാനലിലൂടെ എത്തിയ ഇന്തപ്പഴത്തിന് നികുതി ഒഴിവാക്കിയിരുന്നു. നയതന്ത്ര ചാനല്‍ വഴി വന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യാന്‍ കഴിയില്ലെന്നും ഇത് ചട്ടവിരുദ്ധവും നിയമലംഘനവുമാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.