പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞത് സർക്കാർ നയമല്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടർ ആഭ്യന്തര മീറ്റിങ്ങിൽ പറഞ്ഞത് സർക്കാർ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ശിൽപശാലകളിൽ ഒരുപാട് അഭിപ്രായങ്ങൾ വരും. അത് സർക്കാർ നിലപാടല്ലെന്ന് മന്ത്രി പറഞ്ഞു. അക്ഷരം കൂട്ടിവായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്നുവെന്നായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്‍റെ വിവാദ പ്രസ്താവന. എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോയെന്നും എസ്. ഷാനവാസ് ചോദിച്ചു. കഴിഞ്ഞ മാസം ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് പരാമർശം.

'കേരളത്തിൽ നിലവിൽ 69,000ത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടുമ്പോൾ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്വന്തം പേരും രജിസ്റ്റർ നമ്പറും കൂട്ടിവായിക്കാൻ അറിയാത്ത, അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്തവരാണ്. 50 ശതമാനം വരെയുള്ള മാർക്കുകൾ ഔദാര്യമായി നൽകാം. ജയിക്കുന്നവർ ജയിക്കട്ടെ. അതിന് ആർക്കും എതിർപ്പില്ല. ബാക്കിയുള്ളത് പഠിച്ച് തന്നെ നേടിയെടുക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. പരീക്ഷകൾ പരീക്ഷകളായി നടത്തണമെന്നും ഇനി മുതൽ നിലവിലുണ്ടായിരുന്ന രീതി ഒഴിവാക്കണമെന്നും ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരോട് പറഞ്ഞിരുന്നു.

കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുനിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തുകൊണ്ടും ഉൾക്കൊണ്ടുകൊണ്ടും ഗുണമേന്മ വർധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ല -മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. 

Tags:    
News Summary - director of public educations opinion is not government policy minister v sivankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.