കോഴിക്കോട്: തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്നുണ്ടായ മുസ്ലിം ലീഗിലെ അച്ചടക്കനടപടിയിൽ അസ്വാരസ്യം പുകയുന്നു. ലീഗ് വനിത സ്ഥാനാർഥി മത്സരിച്ച കോഴിക്കോട് സൗത്ത് മണ്ഡലത്തിലാണ് പരാജയത്തിന്റെ അലയൊലികൾ അടങ്ങാത്തത്.
വിഭാഗീയത ചൂണ്ടിക്കാട്ടി മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ട സംസ്ഥാന നേതൃത്വത്തിന്റെ നടപടിയെ തുടർന്ന് ഇതുസംബന്ധിച്ച രഹസ്യ ഫോൺസംഭാഷണങ്ങൾ ഓരോന്നായി പുറത്തുവരുന്നത് നേതൃത്വത്തിന് തലവേദനയായി. കഴിഞ്ഞ ദിവസം ലീഗ് ജന. സെക്രട്ടറി ബി.ജെ.പി പ്രവർത്തകരുടെ വോട്ടും വാങ്ങാമെന്ന് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവിട്ടതെങ്കിൽ തെരഞ്ഞെടുപ്പ് ഫലം വരും മുമ്പുതന്നെ മണ്ഡലം കമ്മിറ്റി പിരിച്ചുവിടുമെന്ന് പറയുന്ന പി.എം.എ. സലാമിന്റെ മറ്റൊരു സന്ദേശം ശനിയാഴ്ച പുറത്തുവന്നു.
സൗത്തിലെ സ്ഥാനാർഥിനിർണയം മുതൽ തുടങ്ങിയതാണ് മണ്ഡലം കമ്മിറ്റിയും സംസ്ഥാന നേതൃത്വവും തമ്മിലെ അസ്വാരസ്യം. അഡ്വ. നൂർബിന റഷീദിനെ സ്ഥാനാർഥിയാക്കിയതിനെതിരെ മണ്ഡലം കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. നിരവധി കാരണങ്ങൾ നിരത്തിയായിരുന്നു പരാതി. എന്നാൽ, നേതൃത്വം മുഖവിലക്കെടുത്തില്ല. ഇതോടെ മണ്ഡലം നേതൃത്വം നിർജീവമായി. ഇതിനെതിരെ സ്ഥാനാർഥി പരാതിപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന നേതൃത്തിന്റെ ഇടപെടലുണ്ടായത്. ഇതിനിടയിൽ നടന്ന സംഭാഷണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ജന. സെക്രട്ടറിയുടെ സംഭാഷണങ്ങൾ പാർട്ടി നേതാക്കളും പ്രവർത്തകരും തന്നെ പുറത്തുവിടുന്നത് പാർട്ടിക്ക് അപമാനമായിരിക്കുകയാണ്.
മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും പുനഃസംഘടന ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ പുനഃസംഘടന നടത്തിയാൽ പൊട്ടിത്തെറിയുണ്ടാകുമെന്നതിനാലാണ് നീളുന്നത്. ഇത് മുതലെടുത്താണ് വിഭാഗീയ പ്രവർത്തനം ശക്തമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.