കോഴിക്കോട്: ഗുരുതര അച്ചടക്കലംഘനം നടത്തിയതിന് എൽ.ജെ.ഡി സംസ്ഥാന ഭാരവാഹികളായ ഷെയ്ക് പി.ഹാരിസ്, വി.സുരേന്ദ്രൻ പിള്ള, അങ്കത്തിൽ അജയ്കുമാർ, രാജേഷ് പ്രേം എന്നിവരെ ഭാരവാഹിത്വത്തിൽനിന്ന് നീക്കാനും, വി. സുരേന്ദ്രൻപിള്ളയെ സസ്പെൻഡ് ചെയ്യാനും പാർട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡൻറുമാരുടെയും യോഗം തീരുമാനിച്ചതായി എം.വി. ശ്രേയാംസ്കുമാർ എം.പി. വാർത്തകുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ 20ന് കോഴിക്കോട് നടന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ല പ്രസിഡൻറുമാരുടെയും യോഗം വിമത പ്രവർത്തനം നടത്തിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സമയപരിധിക്കുള്ളിൽ ഖേദപ്രകടനം നടത്തി മറുപടി നൽകിയ തിരുവനന്തപുരം ജില്ല പ്രസിഡൻറ് എൻ.എം. നായർ, സംസ്ഥാന കമ്മിറ്റി അംഗം ജി. സതീശ്കുമാർ എന്നിവരുടെ മറുപടി തൃപ്തികരമായതിനാൽ നടപടി ഒഴിവാക്കി.
മറുപടിനൽകാത്ത മലപ്പുറം ജില്ല പ്രസിഡൻറ് സബാഹ് പുൽപറ്റ, ആലപ്പുഴ ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ എന്നിവർക്കെതിരായ നടപടി ഡിസംബർ ആദ്യവാരം ചേരുന്ന സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്കെതിരെ യുക്തമായ ശിക്ഷാനടപടി സ്വീകരിക്കാൻ സംസ്ഥാന പ്രസിഡൻറിനെ യോഗം ചുമതലപ്പെടുത്തി. കെ.പി. മോഹനൻ എം.എൽ.എ, ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ് തുടങ്ങി മറ്റു സംസ്ഥാന ഭാരവാഹികളും ജില്ല പ്രസിഡൻറുമാരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.