തിരുവനന്തപുരം: ഒരു സ്റ്റേഷനിൽ മൂന്നുവർഷം പൂർത്തിയാക്കുന്ന മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റാൻ നിർദേശം. ക്രിമിനൽ കേസുകളിലുൾപ്പെട്ടതും അഴിമതി, ഗുണ്ടാ ബന്ധമുള്ളവരുമായ പൊലീസ് ഉദ്യോഗസ്ഥരെ സുപ്രധാന സ്റ്റേഷനുകളിൽ നിയമിക്കരുതെന്നും എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ജില്ല പൊലീസ് മേധാവികൾക്ക് നിർദേശം നൽകി. പൊലീസുകാരുടെ പൊതുസ്ഥലംമാറ്റം ഏപ്രിൽ 15 ന് മുമ്പ് പൂർത്തിയാക്കി മേയ് ഒന്നിന് പുതിയ സ്റ്റേഷനുകളിൽ ജോലിയിൽ പ്രവേശിക്കുകയും വേണം.
കഴിവതും വീടിനടുത്തുള്ള സ്റ്റേഷനുകളിൽ വേണം നിയമനം നൽകേണ്ടത്. വനിത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം എല്ലാ സ്റ്റേഷനുകളിലും ഉറപ്പാക്കണം. സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ വർക്കിങ് അറേഞ്ച്മെന്റ് ഡ്യൂട്ടിക്കായി മറ്റ് യൂനിറ്റിലേക്ക് എടുക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മൂന്ന് വർഷം കാലാവധി പൂർത്തിയാക്കിയ സ്റ്റേഷൻ റൈറ്റർ, അസി. സ്റ്റേഷൻ റൈറ്റർ എന്നിവരെയും മാറ്റണം. അഴിമതി, സ്വജനപക്ഷപാതം, ക്രിമിനൽ ബന്ധം, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥരുടെ പശ്ചാത്തല പരിശോധന റിപ്പോർട്ട് സ്പെഷൽ ബ്രാഞ്ചിൽനിന്ന് വാങ്ങി, അവരുടെ നിയമനങ്ങൾക്ക് മുമ്പ് മുൻകരുതൽ സ്വീകരിക്കണം. വിശ്വാസ്യതയില്ലാത്ത ഉദ്യോഗസ്ഥരെ ഒരേ സ്റ്റേഷനുകളിലും യൂനിറ്റുകളിലും തന്നെ നിയമിക്കുന്ന രീതി മാറ്റണം. അവരെ വ്യത്യസ്ത സ്റ്റേഷനുകളിൽ നിയമിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.